( gcc.truevisionnews.com ) റംസാന്‍ വ്രതാരംഭത്തിന് ഇനി ആഴ്ചകളേ ബാക്കിയുള്ളു. വിശുദ്ധമാസം ആരംഭിച്ചുകഴിഞ്ഞാല്‍ ഇസ്ലാം മതത്തിലെ വിശ്വാസ സമൂഹം വ്രത ശുദ്ധിയോടെയും അതീവ ജാഗ്രതയോടെയുമാണ് നോമ്പ് എടുക്കുക. ആരോഗ്യവും ചികിത്സയും മുതല്‍ വ്യക്തിപരമായി എല്ലാ ദിവസം ചെയ്യുന്ന കാര്യങ്ങള്‍ വരെ വിശുദ്ധ മാസത്തില്‍ വ്രതമെടുക്കുന്നവര്‍ ജാഗ്രതയോടെയാണ് പാലിക്കുക. ആശയക്കുഴപ്പം ഒഴിവാക്കുക എന്നതാണ് ഇതിലെ പ്രധാനം.
വ്രതമെടുക്കുന്ന സമയത്ത്, മൂക്കിലൂടെയോ വായയിലൂടെയോ എന്തെങ്കിലും ആമാശയത്തിലെത്തിയാല്‍ അത് വ്രതത്തെ തന്നെ അസാധുവാക്കുമെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ തന്നെ പണ്ഡിതന്മാരില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. നിത്യേനയോ അല്ലാതെയോ ഉള്ള എന്തെല്ലാം കാര്യങ്ങളാണ് അങ്ങനെ നോമ്പ് മുറിക്കാതെ ചെയ്യാനാവുക. ചില കാര്യങ്ങള്‍ പരിശോധിക്കാം.
ടൂത്ത് പേസ്റ്റ്
പല്ല് തേക്കുമ്പോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാതിരിക്കാനാവില്ല. എന്നാല്‍ പേസ്റ്റോ അതു കഴിഞ്ഞ് കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളമോ വായിലാവുന്നുവെന്നല്ലാതെ അത് വിഴുങ്ങുന്നില്ലാത്തിനാല്‍ വ്രതം മുറിക്കുന്നില്ല.
നിക്കോട്ടീന്‍ പാച്ചുകള്‍
പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തൊലിയില്‍ ഒട്ടിച്ചു വയ്ക്കുന്ന നിക്കോട്ടീന്‍ പാച്ചുകള്‍ ഒരു തരത്തിലും വ്രതം മുറിക്കുന്നില്ല. ഉപയോഗിക്കുന്നത് തൊലിപ്പുറത്തായതിനാല്‍ തന്നെ ഒരിക്കലും അന്നനാളത്തിലൂടെ അകത്തേക്കെത്തുന്നതല്ല. അതുകൊണ്ട് തന്നെ ഇത് വ്രതമെടുക്കുന്ന സമയത്തും ഉപയോഗിക്കാനാവുന്നതാണ്.
സൂചി
എന്തെങ്കിലും ആരോഗ്യ നടപടികളുടെ ഭാഗമായി വ്രതം മുറിക്കാതെ അനസ്‌തേഷ്യ പോലുള്ള ഇഞ്ചക്ഷനുകള്‍ എടുക്കുന്നതും സുരക്ഷിതമാണ്. ഇതിനോടൊപ്പം പ്രമേഹ രോഗികള്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതും വ്രതത്തെ ബാധിക്കില്ല. എന്നാല്‍ ഇന്‍സുലിന്‍ കുത്തി വയ്ക്കുമ്പോള്‍ വ്രതമെടുക്കുന്നത് ശരീരത്തിന് ആരോഗ്യകരമാണോ എന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം നോക്കേണ്ടതാണ്.
കുളിക്കുന്നത്
കുളിക്കുന്നത് ഏതെങ്കിലും തരത്തില്‍ നോമ്പ് മുറിക്കില്ല. പക്ഷെ കുളിക്കുന്ന വേളയില്‍ വായില്‍ ആവുന്ന വെള്ളം കുടിക്കാതെ ശ്രദ്ധിക്കണം.
നെയില്‍ പോളിഷ്, മുടിയില്‍ തേക്കുന്ന എണ്ണകള്‍
നെയില്‍ പോളിഷും മുടിയില്‍ ഇടുന്ന എണ്ണകളുമടക്കം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഒന്നും തന്നെ നോമ്പ് മുറിയാന്‍ കാരണമാകില്ല.
ഐ ഡ്രോപ്പുകള്‍
കണ്ണില്‍ ഇറ്റിക്കുന്ന മരുന്നുകള്‍ തൊണ്ടയില്‍ എത്തുകയോ അത് ഇറക്കുകയോ ചെയ്യാത്ത സാഹചര്യം വരെ ഇവ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
പെര്‍ഫ്യൂമുകള്‍
സ്‌പ്രേ, പെര്‍ഫ്യൂം, അത്തറുകള്‍ എന്നിവ ഉപയോഗിക്കുന്നത് നിങ്ങളുടെ നോമ്പിനെ ഒരു തരത്തിലും ബാധിക്കുന്നതോ നോമ്പ് മുറിക്കുന്നതോ അല്ല.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചി നോക്കുന്നത്
ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചി നോക്കുന്നതും നോമ്പ് മുറിക്കാന്‍ കാരണമാകില്ല. എന്നാല്‍ രുചി നോക്കുമ്പോള്‍ അത് കഴിക്കാതെ നോക്കണമെന്ന് മാത്രം.
These things will not break your fast during Ramadan































