അബുദാബി: (gcc.truevisionnews.com) അബുദാബിയിലെ നിർമാണ സൈറ്റുകളിൽ നിന്നുള്ള മാലിന്യങ്ങളും മലിനീകരണ വസ്തുക്കളും നീക്കം ചെയ്യുന്നതിൽ കർശന നിർദേശങ്ങളുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി രംഗത്തെത്തി. നിർമാണ അവശിഷ്ടങ്ങൾ കൃത്യമായി നീക്കം ചെയ്യണമെന്നും അവ അംഗീകൃത കേന്ദ്രങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ബോധവൽക്കരണ പരിപാടിയിലാണ് മുനിസിപ്പാലിറ്റി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, കൺസൽറ്റന്റുമാർ, കരാറുകാർ എന്നിവർ തങ്ങളുടെ തൊഴിലാളികൾക്ക് പരിസ്ഥിതി സൗഹൃദ നിർമാണ രീതികളെക്കുറിച്ച് കൃത്യമായ പരിശീലനം നൽകണമെന്ന് അധികൃതർ നിർദേശിച്ചു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ സൈറ്റുകളിൽ വരും ദിവസങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തും. കെട്ടിക്കിടക്കുന്ന വെള്ളം, പൈപ്പ് ചോർച്ചകൾ, അമിതമായ ശബ്ദമലിനീകരണം എന്നിവ ഒഴിവാക്കി സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി ഓർമ്മിപ്പിച്ചു.
യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യമായ ‘നെറ്റ് സീറോ 2050’ കൈവരിക്കുന്നതിൽ നിർമാണ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Do not dump construction waste anywhere; strict inspection and control in Abu Dhabi





























