ജിദ്ദ : (gcc.truevisionnews.com) സൗദി അറേബ്യയുടെ സാംസ്കാരിക അടയാളമായ ഒട്ടകങ്ങളെ ഇനി ലോകോത്തര നിലവാരത്തിൽ തിരിച്ചറിയാം. ഒട്ടകങ്ങൾക്കായി ഫോട്ടോ പതിച്ച പ്രത്യേക പാസ്‌പോർട്ടുകൾ അനുവദിക്കുന്ന നൂതന പദ്ധതിക്ക് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കം കുറിച്ചു.
മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി എൻജിനീയർ മൻസൂർ ബിൻ ഹിലാൽ അൽമുശൈത്തിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി ഒട്ടക വളർത്തൽ മേഖലയെ കൂടുതൽ വ്യവസ്ഥാപിതമാക്കാനും ആഗോള വിപണിയിൽ ഇതിന്റെ വിശ്വാസ്യത വർധിപ്പിക്കാനുമാണ് പുതിയ നീക്കം.
മനുഷ്യരുടെ പാസ്‌പോർട്ടിന് സമാനമായ രീതിയിൽ ഒട്ടകത്തിന്റെ വശങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ഉൾപ്പെടുത്തിയ തിരിച്ചറിയൽ രേഖയാണിത്. വെറുമൊരു തിരിച്ചറിയൽ കാർഡ് എന്നതിലുപരി ഒട്ടകത്തിന്റെ സമഗ്രമായ ഡിജിറ്റൽ ജാതകം തന്നെയാകും ഈ പാസ്‌പോർട്ട്. മൈക്രോചിപ്പ് നമ്പർ, പാസ്‌പോർട്ട് നമ്പർ, പേര്, ജനനത്തീയതി, ഇനം, ലിംഗം, നിറം, ജനിച്ച സ്ഥലം തുടങ്ങി എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും.
കൂടാതെ, വെറ്ററിനറി ഡോക്ടറുടെ ഒപ്പും സ്റ്റാമ്പും അടങ്ങിയ വാക്‌സിനേഷൻ ഷെഡ്യൂളും പാസ്പോർട്ടിൽ ഉൾപ്പെടുത്തും. ഇത് ഒട്ടകങ്ങളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനും പകര്‍ച്ചവ്യാധികളെ തടയുന്നതിനും ഏറെ സഹായകമാകും.
ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനും വിൽപനയും ഗതാഗതവും സുതാര്യമായി നിയന്ത്രിക്കുന്നതിനും ഈ രേഖ നിർബന്ധമാക്കും. ഇതോടെ ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശ തർക്കങ്ങൾ ഒഴിവാകുകയും വിപണിയിൽ ഇടപാടുകാരുടെ വിശ്വാസം വർധിക്കുകയും ചെയ്യും. ഒട്ടകങ്ങളുടെ ജനിതക ഗുണനിലവാരം വിശകലനം ചെയ്യാനും മികച്ച ഇനങ്ങളെ സംരക്ഷിക്കാനും മന്ത്രാലയത്തിന് ഇതിലൂടെ സാധിക്കും. ഒട്ടകങ്ങളുടെ കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിലൂടെ രാജ്യത്തെ മൃഗസമ്പത്ത് വിതരണത്തിൽ തന്ത്രപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
പ്രാദേശികവും അന്തർദേശീയവുമായ ലേലങ്ങളിൽ ഒട്ടകങ്ങളുടെ വിപണി മൂല്യം ഉയർത്താൻ ഈ പാസ്‌പോർട്ട് പദ്ധതി വലിയ പങ്കുവഹിക്കുമെന്നാണ് അധികൃതർ കരുതുന്നത്. സൗദിയിലെ ഒട്ടക വളർത്തൽ മേഖലയെ ആധുനികവൽക്കരിക്കുന്നതിലെ നിർണായകമായ ചുവടുവയ്പ്പായിട്ടാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
Camels in Saudi Arabia now have passports with photos Ministry makes revolutionary change





























