മസ്കത്ത്: (gcc.truevisionnews.com) അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയുടെ നടത്തിപ്പിലും പരിപാലനത്തിലും പുതിയ പരിഷ്കാരങ്ങളുമായി പരിസ്ഥിതി അതോറിറ്റി. മേഖലയിലെ ജൈവവൈവിധ്യം കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംരക്ഷിത പ്രദേശം സന്ദർശിക്കുന്നതിനും അവിടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇനിമുതൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. മുൻകൂട്ടി അനുമതി വാങ്ങേണ്ട കാര്യങ്ങൾ, മേഖലയ്ക്കകത്ത് നിരോധിക്കപ്പെട്ട പ്രവൃത്തികൾ, വിവിധ സേവനങ്ങൾക്കുള്ള ഫീസ് ഘടന എന്നിവ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ പിഴ ശിക്ഷകൾ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സംരക്ഷിത മേഖലയിലേക്കുള്ള പ്രവേശനം, വിനോദസഞ്ചാരം, ഫോട്ടോഗ്രഫി- ഡോക്യുമെന്ററി നിർമാണം, ശാസ്ത്രീയ ഗവേഷണം, ക്യാമ്പിങ്, നിലവിലുള്ള സൗകര്യങ്ങളിലെ നിർമാണവും വികസനവും, സംരക്ഷിത മേഖലയിലെ കൃഷി പ്രവർത്തനങ്ങൾ എന്നിവക്കാണ് മുൻകൂർ അനുമതി നിർബന്ധമാക്കിയത്. വന്യജീവികളെ വേട്ടയാടുക, സംരക്ഷിത മേഖലയിൽനിന്ന് സസ്യങ്ങൾ ശേഖരിക്കുക, ആയുധങ്ങളോ വിഷവസ്തുക്കളോ ഉപയോഗിക്കുക, നിശ്ചിത പാതകൾക്ക് പുറത്ത് വാഹനങ്ങൾ ഓടിക്കുക, മരങ്ങൾ മുറിക്കുക, ജലസ്രോതസ്സുകളോ താഴ്വരകളോ മലിനപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പ്രകാരം നിരോധിച്ചു.
സംരക്ഷിത മേഖലയിലേക്കുള്ള പ്രവേശനം, വിനോദസഞ്ചാരം, ട്രക്കിങ്, ക്യാമ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഒമാൻ പൗരന്മാർക്ക് ഒരു റിയാൽ മുതൽ രണ്ട് റിയാൽ വരെയും, വിദേശികൾക്ക് മൂന്നു മുതൽ അഞ്ചു റിയാൽ വരെയും, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് 100 ബൈസ മുതൽ ഒരു റിയാൽ വരെയുമാണ് ഫീസ്. സൈനികസേനയിലെയും റോയൽ ഒമാൻ പൊലീസിലെയും ഔദ്യോഗിക ചുമതലയിൽ ഏർപ്പെട്ടിരിക്കുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ യാത്രകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ, സംരക്ഷിത പ്രദേശത്തെ താമസക്കാർ, അവരുടെ അടുത്ത ബന്ധുക്കൾ, ഔദ്യോഗിക സർക്കാർ പ്രതിനിധി സംഘങ്ങൾ എന്നിവർക്ക് സംരക്ഷിത മേഖലയിൽ പ്രവേശിക്കാൻ അനുമതി ആവശ്യമില്ല.
New regulations in the Arabian Oryx Conservation Area; Strict fines and restrictions tightened for violations


































