മസ്‌കത്ത്: (gcc.truevisionnews.com) മസ്‌കത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന മത്ര കേബിള്‍ കാര്‍ പദ്ധതിയുടെ ഇന്‍സ്റ്റാളേഷന്‍ ജോലികള്‍ക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരണപ്പെട്ടു. ഇറ്റലി, പാക്കിസ്ഥാന്‍ പൗരന്‍മാരാണ് മരണപ്പെട്ടതെന്നും അപകടത്തിന് ട്രയല്‍ റണ്ണുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ലെന്നും പ്രോജക്ട് ഡെവലപ്പറായ സബീന്‍ ഇന്‍വെസ്റ്റ്‌മെന്റ് പറഞ്ഞു.
ഘടനാപരമായ ഇന്‍സ്റ്റാളേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ കമ്പനി അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ക്ഷമയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി സബീന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
അപകടത്തിന്റെ കാരണങ്ങള്‍ നിര്‍ണയിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട് റോയല്‍ ഒമാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി, മറ്റ് സാങ്കേതിക സംഘങ്ങള്‍ എന്നിവരുടെ അതിവേഗത്തിലുള്ള ഇടപെടലിനെയും കമ്പനി പ്രശംസിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടനടി അധികൃതര്‍ പിന്തുണ നല്‍കിയതായി അവര്‍ ചൂണ്ടിക്കാട്ടി.
Two expatriates die in accident during construction of Matra cable car in Oman


































