ഷാർജ: (gcc.truevisionnews.com) റമസാനിൽ 9 ലക്ഷം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാൻ ഷാർജ ചാരിറ്റി ഇന്റർനാഷനൽ തീരുമാനിച്ചു. ഉദാരത എന്നതാണ് ഈ വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെ സന്ദേശം. രാജ്യത്തിനു പുറത്ത് 3 ലക്ഷം ഭക്ഷണപ്പൊതികളും വിതരണം ചെയ്യും.
ഇഫ്താർ പദ്ധതി സൂര്യാസ്തമയ സമയത്തു വിളമ്പുന്ന ഒരു ഭക്ഷണം മാത്രമല്ല, സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മാനവിക സന്ദേശമാണെന്ന് ഷാർജ ചാരിറ്റി ഇന്റർനാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു.
ആയിരക്കണക്കിന് കുടുംബങ്ങളും തൊഴിലാളികളും പരിമിതമായ വരുമാനമുള്ളവരും പുണ്യമാസത്തിലെ വ്രത വിഭവങ്ങൾക്കായി ദിവസവും കാത്തിരിക്കുന്നുണ്ട്. റമസാനിൽ അവരുടെ ജീവിതഭാരം ലഘൂകരിക്കുന്നതിനാണിതെന്ന് അദ്ദേഹം പറഞ്ഞു. ഷാർജ എമിറേറ്റിനുള്ളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുക.
ഇതിനു പുറമെ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള 51 രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വിതരണമുണ്ട്. ഭക്ഷ്യ അരക്ഷിതാവസ്ഥയും ദുഷ്‌കരമായ ജീവിത സാഹചര്യങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളെയാണ് ഭക്ഷണപ്പൊതി നൽകാൻ തിരഞ്ഞെടുത്തത്.
sharjah charity distributes 12 lakh iftar kits for ramadan


































