കുവൈത്ത് :(https://gcc.truevisionnews.com/) വിദേശങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ മരുന്നുകൾ കൈവശം വെക്കുന്നതിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഉത്തരവിറക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ 2025-ലെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (തീരുമാനം നമ്പർ 202) അനുസരിച്ചാണ് നാർക്കോട്ടിക്, സൈക്കോട്രോപിക് മരുന്നുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മാരകമായ വേദനസംഹാരികൾ (ഷെഡ്യൂൾ 1) ഇത്തരം മരുന്നുകൾ കൈവശമുണ്ടെങ്കിൽ പരമാവധി 15 ദിവസത്തെ ഉപയോഗത്തിന് ആവശ്യമുള്ള അളവ് മാത്രമേ കൊണ്ടുവരാൻ അനുവാദമുള്ളൂ. മാനസികാരോഗ്യ സംബന്ധമായ മരുന്നുകൾ പരമാവധി ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമുള്ള അളവിൽ കൊണ്ടുവരാം.
ചികിത്സയുടെ ഒറിജിനൽ മെഡിക്കൽ റിപ്പോർട്ടോ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോ യാത്രക്കാർ കസ്റ്റംസിൽ ഹാജരാക്കേണ്ടതുണ്ട്.
കൊണ്ടുവരുന്ന മെഡിക്കൽ രേഖകൾ അതാത് രാജ്യത്തെ കുവൈത്ത് എംബസിയോ കോൺസുലേറ്റോ വഴി സാക്ഷ്യപ്പെടുത്തിയിരിക്കണം (അറ്റസ്റ്റേഷൻ). രേഖാമൂലമോ ഇലക്ട്രോണിക് രീതിയിലോ ഉള്ള സാക്ഷ്യപ്പെടുത്തൽ സ്വീകാര്യമാണ്. കൃത്യമായ രേഖകളില്ലാത്ത പക്ഷം മരുന്നുകൾ പിടിച്ചുവെക്കുമെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകാതെ അവ വിട്ടുകൊടുക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
New regulations on possession of medicines, Kuwait Customs


































