Jan 26, 2026 11:00 AM

കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്തിലെ കബ്ദിൽ രഹസ്യമായി പ്രവർത്തിച്ചുവന്നിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം തകർത്തു. രാജ്യാന്തര ബ്രാൻഡ് മദ്യത്തിന്റെ വ്യാജപതിപ്പാണ് നിർമിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യക്കുപ്പികളോട് സാമ്യമുള്ള സ്റ്റിക്കറുകളും ലേബലുകളും പതിപ്പിച്ച ആയിരക്കണക്കിന് കുപ്പി വ്യാജ മദ്യം ഇവിടെ നിന്ന് കണ്ടെടുത്തു.

മദ്യം കുപ്പികളിലാക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. വ്യാജ മദ്യ ഫാക്ടറി നടത്തിയിരുന്നവരെ 6 പേരെ അറസ്റ്റ് ചെയ്തു നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ അനധികൃതമായി നിർമിക്കുന്ന മദ്യം രാജ്യാന്തര ബ്രാൻഡുകളുടെ കുപ്പികളിലാക്കി വ്യാജ ലേബലുകൾ പതിച്ചാണ് സംഘം വിപണിയിൽ എത്തിച്ചിരുന്നത്. ഉപഭോക്താക്കളെ കബളിപ്പിച്ച് യഥാർഥ വിദേശ മദ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവർ.

കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2025 ഓഗസ്റ്റിൽ കുവൈത്തിൽ വ്യാജ മദ്യം കഴിച്ച് 23 പേർ മരിക്കുകയും 160 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ഇതുവരെ ഇരുപതോളം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. ഈ കേസുകളിലായി നൂറോളം പേരാണ് അറസ്റ്റിലായത്. പിടിക്കപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളെ ശിക്ഷയ്ക്കുശേഷം ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



Fake liquor manufacturing facility demolished in Kuwait Strict action against culprits

Next TV

Top Stories