റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി മാരിദുരൈ മൂർത്തി (46), പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി സീനുൽ ഹഖ് (36) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
റിയാദിൽ നിന്നും ഏകദേശം 230 കിലോമീറ്റർ അകലെയുള്ള ദവാദ്മിയിലാണ് സംഭവം നടന്നത്. അൽ ഷർഹാൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജോലിയിൽ ഏർപ്പെട്ടിരിക്കെ മതിൽ തകർന്നുവീഴുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഇവർ കമ്പനി വിസയിൽ സൗദിയിൽ എത്തിയത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ല വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ദവാദ്മി കെ.എം.സി.സി ഭാരവാഹികളായ ഫിറോസ് മുക്കം, ഷാഫി കാവനൂർ എന്നിവർ സ്ഥലത്തെ നടപടികൾക്ക് നേതൃത്വം നൽകുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.
Two workers killed in wall collapse during construction work in Saudi Arabia


































