കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) രാജ്യത്ത് ശൈത്യം ശക്തമാകുന്നതിനിടെ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന നേരിയ മഴ ഞായറാഴ്ച വരെ തുടരാനാണ് സാധ്യത. വെള്ളിയാഴ്ച മിതമായ മഴയും, ശനിയാഴ്ചയും ഞായറാഴ്ചയും മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു..
ശനിയാഴ്ച മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശും. ഇത് കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ കാരണമാകും. ഞായറാഴ്ച പുലർച്ചെ മുതൽ കാലാവസ്ഥ അസ്ഥിരമായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മിതമായതോ വേഗതയുള്ളതോ ആയ നിലയിൽ തുടരും. ഇടക്കിടെ ശക്തമാകുന്ന കാറ്റ് മണിക്കൂറിൽ 25 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും വീശാൻ സാധ്യതയുണ്ട്. കാറ്റ് ദിവസം മുഴുവൻ പൊടിപടലങ്ങൾ സൃഷ്ടിക്കുന്നതിനും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമാകും
ഞായറാഴ്ച ഉച്ചയോടെ മഴക്കുള്ള സാധ്യത ക്രമേണ കുറയും. മഴ മാറുന്നതോടെ ഞായറാഴ്ച മുതൽ തണുപ്പിന്റെ കാഠിന്യം വർധിക്കുമെന്നാണ് സൂചന. നിലവിൽ ശൈത്യകാലത്തിന്റെ ഉയർന്ന ഘട്ടമായ ‘ഷബാത്ത്’ സീസണിലാണ് രാജ്യം. 26 ദിവസം നീളുന്ന ഈ ഘട്ടത്തിന്റെ ഭാഗമായി ദിവസങ്ങളായി കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച മുതൽ എട്ട് രാത്രികൾ നീണ്ടുനിൽക്കുന്ന കൊടും തണുപ്പിന്റെ ‘അൽ-അസിറാഖ്’ ഘട്ടവും വന്നെത്തും. ഈ ഘട്ടത്തിൽ താപനില ഗണ്യമായി കുറയുകയും തണുത്ത വടക്കൻ കാറ്റ് ശക്തമാകുകയും ചെയ്യും. രാജ്യത്ത് വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന സമയമാണിത്.
Winter is approaching in the country; Chance of rain with thunderstorms in the coming days



































