കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) രാജ്യത്ത് തണുപ്പേറിയ കാലാവസഥ തുടരും. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ പൊടിക്കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കുന്നത് കാരണം ദൃശ്യപരത കുറയും.
വടക്കൻപ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ശനിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തുറന്ന പ്രദേശങ്ങളിൽ നേരിയ മഴക്കും പൊടിപടലത്തിനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരിതലത്തിലെ ഉയർന്ന മർദം ദുർബലമാകുന്നത് വരും ദിവസങ്ങളിൽ തണുത്ത വായുപിണ്ഡം ഉള്ളിലേക്ക് നീങ്ങാൻ കാരണമാകും. തെക്ക്-കിഴക്കൻ കാറ്റ് വടക്ക്-പടിഞ്ഞാറോട്ട് മാറുമെന്നും ധരാർ അൽ അലി പറഞ്ഞു. വരുന്നയാഴ്ച പകൽസമയത്ത് മിതമായ കാലാവസഥ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രിയിൽ താപനിലയിൽ കുറവുണ്ടാകുകയും കൂടുതൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. കാർഷികമേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞ് വീഴാനും സാധ്യതയുണ്ട്.
അതേസമയം, രാജ്യത്ത് നിലവിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. പകൽ മിതമായ തണുപ്പ് ആണെങ്കിലും പുലർച്ചെയും രാവിലെയും ശക്തമായ തണുപ്പാണ്. രാത്രി സജീവമാകുന്ന കാറ്റ് തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കുന്നുണ്ട്. ഈ മാസവും ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരുമെന്നാണ് വിലയിരുത്തൽ. ഈ വർഷം മാർച്ച് അവസാനം വരെ തണുപ്പ് നിലനിൽക്കുമെന്നാണ് സൂചന.
Temperatures will increase at night chance of showers and thunderstorms in Kuwait




























