മക്ക: ( gcc.truevisionnews.com ) വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യയുടെ ഹജ്ജ്- ഉംറ മന്ത്രാലയം. ഗുരുതരമായ ശാരീരിക- മാനസിക ആരോഗ്യപ്രശ്‌നങ്ങളുള്ള ആറ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇത്തവണ ഹജ്ജ് യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ നിയന്ത്രണങ്ങള്‍ നേരത്തെയും നിലവിലുണ്ടെങ്കിലും, ഇത്രയും വ്യക്തമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്. തീര്‍ത്ഥാടന വേളയിലെ കഠിനമായ ശാരീരിക അധ്വാനവും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം.
യാത്രയ്ക്ക് അയോഗ്യരായ 6 പ്രധാന വിഭാഗങ്ങള്‍:
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ലഭിക്കില്ല:
* വൃക്കരോഗികള്‍: ഡയാലിസിസ് ആവശ്യമായ വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ ഉള്ളവര്‍.
* ഹൃദ്രോഗികള്‍: ഹൃദയസ്തംഭനം (Heart Failure) ഉള്‍പ്പെടെയുള്ള ഗുരുതരമായ ഹൃദ്രോഗ ബാധിതര്‍.
* ശ്വാസകോശ രോഗങ്ങള്‍: ശ്വസനപ്രക്രിയ സുഗമമാക്കാന്‍ ഇടയ്‌ക്കോ തുടര്‍ച്ചയായോ ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ളവര്‍.
* കരള്‍ രോഗങ്ങള്‍: സിറോസിസ് (Cirrhosis) പോലുള്ള ഗുരുതരാവസ്ഥയിലുള്ള കരള്‍ രോഗികള്‍.
* അര്‍ബുദ രോഗികള്‍: നിലവില്‍ കീമോതെറപ്പി ചികിത്സയിലുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരോ ആയ ക്യാന്‍സര്‍ ബാധിതര്‍.
*മാനസിക പ്രശ്‌നങ്ങളും മറവിരോഗവും: കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ ഡിമെന്‍ഷ്യ തുടങ്ങിയ മറവിരോഗമുള്ളവര്‍.
ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദ്ദേശം
യാത്രാസമയത്ത് 28 ആഴ്ച (ഏഴ് മാസം) പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്കും, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭിണികള്‍ക്കും ഇത്തവണ ഹജ്ജിന് അനുമതിയുണ്ടാകില്ല.
മറ്റ് നിബന്ധനകള്‍
പകരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഹജ്ജ് അപേക്ഷകര്‍ നിര്‍ബന്ധമായും നിശ്ചിത വാക്‌സിനുകള്‍ എടുത്തിരിക്കണമെന്നും അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും തിരക്കിനിടയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ മുന്‍കരുതല്‍ നടപടികള്‍.
Those with serious health problems cannot perform Hajj six categories banned































