ദുബായ്: ( gcc.truevisionnews.com ) മധുരപാനീയങ്ങളെ നാലു വിഭാഗത്തിലാക്കി തിരിച്ചുള്ള നികുതി സംവിധാനം യുഎഇയിലും സൗദി അറേബ്യയിലും പ്രാബല്യത്തിൽ. 100 മില്ലിലിറ്റർ പാനീയത്തിൽ അടങ്ങിയ പഞ്ചസാരയുടെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി നിശ്ചയിക്കുക.
പഞ്ചസാര ചേർക്കാത്തതും കൃത്രിമ മധുരംമാത്രമുള്ളതുമായ പാനീയം, കുറഞ്ഞ പഞ്ചസാരയുള്ള പാനീയം (അഞ്ച് ഗ്രാമിൽ താഴെ), മിതമായ പഞ്ചസാരയുള്ള പാനീയം (അഞ്ചുമുതൽ എട്ടു ഗ്രാമിൽ താഴെ), ഉയർന്ന പഞ്ചസാരയുള്ള പാനീയം (എട്ടു ഗ്രാമോ അതിലധികമോ) എന്നിങ്ങനെ വിഭജിച്ചാണ് നികുതി കണക്കാക്കുക.
മധുരപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. സ്വാഭാവിക പഞ്ചസാര, ചേർത്ത പഞ്ചസാര, കൃത്രിമ മധുരം എന്നിവ ഉൾപ്പെടെ മൊത്തം പഞ്ചസാരയുടെ അളവാണ് കണക്കാക്കുക. റെഡി ടു- ഡ്രിങ്ക് പാനീയങ്ങൾക്കൊപ്പം പൊടി, ജെൽ, എക്സ്ട്രാക്റ്റ്, കോൺസൻട്രേറ്റ് തുടങ്ങിയ രൂപത്തിലുള്ളവയ്ക്കും ബാധകമാണ്.
100 മില്ലിലിറ്ററിൽ എട്ട് ഗ്രാമോ അതിലധികമോ പഞ്ചസാരയുണ്ടെങ്കിൽ ലിറ്ററിന് 1.09 ദിർഹമാണ് യുഎഇയിലെ നികുതി. അഞ്ചുമുതൽ എട്ടു ഗ്രാമിൽ താഴെവരെയാണെങ്കിൽ ലിറ്ററിന് 0.79 ദിർഹം നികുതി ചുമത്തും. ചേർത്ത പഞ്ചസാരയോ മറ്റ് മധുരങ്ങളോ ഇല്ലാതെ സ്വാഭാവിക പഞ്ചസാര മാത്രം അടങ്ങിയ പാനീയങ്ങൾക്ക് എക്‌സൈസ് നികുതി ബാധകമല്ല. അഞ്ച് ഗ്രാമിൽ താഴെ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് നികുതിയില്ല.
കാർബണേറ്റഡ് പാനീയങ്ങൾ ഇനി പ്രത്യേക എക്‌സൈസ് വിഭാഗമായി പരിഗണിക്കില്ല. പകരം, അവയിലെ പഞ്ചസാര അളവിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി. എന്നാൽ, എനർജി ഡ്രിങ്കുകൾക്ക് നിലവിലെപോലെ എക്‌സൈസ് വിലയുടെ 100 ശതമാനം നികുതി തുടരും. പുതിയ നികുതി സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ മധുരപാനീയങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള പുതിയ സേവനവും ആരംഭിച്ചിട്ടുണ്ട്.
എല്ലാ നിർമാതാക്കളും ഇറക്കുമതിക്കാരും സംഭരണക്കാരും വ്യവസായ– ഉന്നത സാങ്കേതിക മന്ത്രാലയം നൽകുന്ന ‘എമിറേറ്റ്സ് കോൺഫോർമിറ്റി സർട്ടിഫിക്കറ്റ്’ നിർബന്ധമായും നേടണം. അംഗീകൃത ലാബുകളിൽനിന്നുള്ള പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സർട്ടിഫിക്കറ്റ് അനുവദിക്കുക. ഇത് സമർപ്പിക്കാത്തപക്ഷം, ബന്ധപ്പെട്ട പാനീയം ‘ഉയർന്ന പഞ്ചസാര’ വിഭാഗത്തിൽ ഉൾപ്പെടുത്തി നികുതി ഈടാക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
50 ശതമാനം എക്സൈസ് നികുതി അവസാനിപ്പിക്കും
മധുരം ചേർത്ത പാനീയങ്ങൾക്ക് നിലവിൽ ഈടാക്കിയിരുന്ന ഏകീകൃത 50 ശതമാനം എക്സൈസ് നികുതി സംവിധാനം അവസാനിപ്പിച്ചതായി സൗദി. പുതിയ നികുതിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഗുഡ്സ് ടാക്‌സ് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ അംഗീകാരം നൽകിയിട്ടുണ്ട്.
പുതിയ നികുതിരീതി, കുറഞ്ഞ പഞ്ചസാരയുള്ള പാനീയങ്ങൾ വിപണിയിലെത്തിക്കാൻ നിർമാതാക്കളെയും ഇറക്കുമതിക്കാരെയും പ്രോത്സാഹിപ്പിക്കും. ഇതുവഴി പഞ്ചസാര ഉപയോഗം കുറയ്ക്കാനും പൊതുജനാരോഗ്യ നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ഗൾഫ് സഹകരണ കൗൺസിലിന്റെ ധന– സാമ്പത്തിക സഹകരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, അന്താരാഷ്ട്ര പ്രവർത്തനരീതികൾ പിന്തുടർന്നാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Revised tax on sweetened beverages effective in Saudi Arabia and the UAE





























