കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്തിലെ സാമൂഹിക മൂല്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കുവൈത്തി യുവതിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള സൈബർ ക്രൈം വിഭാഗമാണ് യുവതിയെ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചത്.
യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചോദ്യോത്തര വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പൊതുമര്യാദകൾക്ക് നിരക്കാത്തതും കുവൈത്ത് സമൂഹത്തിന്‍റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും അവഹേളിക്കുന്നതുമായ പദപ്രയോഗങ്ങളും ചോദ്യങ്ങളും വീഡിയോയിൽ അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ നിരീക്ഷിച്ചു.
ഇത്തരത്തിലുള്ള ഉള്ളടക്കം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പൊതു ധാർമ്മികതയെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ തിരിച്ചറിയുകയും തുടർന്ന് അധികൃതർ ഇവരെ വിളിപ്പിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നും യുവതി സമ്മതിച്ചു. പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിൽ യുവതിയുടെ പ്രവൃത്തി രാജ്യത്തെ സൈബർ നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സൈബർ ഇടങ്ങളിലെ നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Woman arrested in Kuwait for asking inappropriate questions on quiz show


































