റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ജനുവരി ഒന്ന് മുതൽ ബാങ്കുവഴിയേ നൽകാൻ പാടുള്ളൂ എന്ന നിയമം പ്രാബല്യത്തിലാകും. തൊഴിലുടമകൾ നിയമം കർശനമായി പാലിക്കണമെന്നും എല്ലാ ഗാർഹിക തൊഴിലാളികൾക്കും ബാങ്ക് അകൗണ്ട് തുടങ്ങി അതുവഴി ശമ്പളം വിതരണം ചെയ്യണമെന്നും മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു.
തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുമാണ് ഈ തീരുമാനം. ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളോ അംഗീകൃത ബാങ്കുകളോ വഴി മാത്രമേ ഇനി മുതൽ വേതനം കൈമാറാൻ അനുവാദമുണ്ടാകൂ.
തൊഴിലാളികൾക്ക് അവരുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം, കരാർ അവസാനിക്കുമ്പോഴോ മറ്റോ ഉണ്ടാകാനിടയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. നേരത്തെ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും.
ഡിജിറ്റൽ സംവിധാനം വഴി ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കാനോ തങ്ങളുടെ നാട്ടിലേക്ക് നേരിട്ട് അയക്കാനോ സാധിക്കും. നിയമം ലംഘിച്ച് നേരിട്ട് പണമായി ശമ്പളം നൽകുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
domestic worker salaries must be paid via bank starting january in saudi arabia




























