( gcc.truevisionnews.com ) ദുബായ് നഗരത്തിലെ റോഡുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് നിര്‍ണായക നീക്കവുമായി ദുബായ് പൊലീസ്. നാഷണല്‍ ടാക്‌സിയിലെ പുതുതായി നിയമിതരായ 200-ൽ അധികം ഡ്രൈവര്‍മാര്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
പൊതുജനങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വഹിക്കുന്ന വലിയ ഉത്തരവാദിത്തം കണക്കിലെടുത്താണ് ദുബായ് പൊലീസ് പരിശീലന പരിപാടിക്ക് രൂപം നല്‍കിയത്.വാഹനങ്ങളുടെ സുരക്ഷാ പരിശോധനകള്‍, പ്രതിരോധ ഡ്രൈവിംഗ് രീതികള്‍ അഥവാ 'ഡിഫന്‍സീവ് ഡ്രൈവിംഗ്', ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതു മൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ എന്നിവ ക്ലാസുകളില്‍ വിശദമായി ചര്‍ച്ച ചെയ്തു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ജീവന്‍ സംരക്ഷിക്കുന്നതിനും റോഡ് ചിഹ്നങ്ങളും സിഗ്‌നലുകളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശീലനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്തി.
ആധുനിക ഡ്രൈവിംഗ് രീതികളും സാങ്കേതിക വിദ്യകളും ഡ്രൈവര്‍മാര്‍ക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടിയില്‍ പ്രായോഗിക നൈപുണ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി. മികച്ച പരിശീലനം ലഭിച്ച ഓരോ ഡ്രൈവറും റോഡിലെ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും എതിരെയുള്ള ആദ്യ പ്രതിരോധ നിരയാണെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമ സേലം ബിന്‍ സുവൈദാന്‍ പറഞ്ഞു. കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഗതാഗത അന്തരീക്ഷം നഗരത്തില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Dubai Police takes decisive step to make roads safer





























