മസ്കത്ത്: [gcc.truevisionnews.com] കറൻസി ചരിത്രത്തിൽ പുതു അധ്യായം കുറിച്ച് ഒമാൻ ആദ്യമായി പോളിമർ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു. ആദ്യ ഘട്ടമായി ഒരു റിയാലിന്റെ സ്മാരക പോളിമർ നോട്ടാണ് ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു.
പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കോട്ടൺ അടിസ്ഥാനത്തിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം, കൂടുതൽ ഈടും ദൈർഘ്യവും ഉറപ്പാക്കുന്ന പോളിമർ മെറ്റീരിയൽ ഉപയോഗിച്ചാണ് പുതിയ കറൻസി നിർമ്മിച്ചിരിക്കുന്നത്.
വേഗത്തിൽ പഴകാതെയും കൂടുതൽ കാലം ഉപയോഗിക്കാവുന്നതുമായ ഈ നോട്ടുകൾ ‘പ്ലാസ്റ്റിക് ബാങ്ക് നോട്ടുകൾ’ എന്ന പേരിലും അറിയപ്പെടുന്നു. പോളിമർ കറൻസികളിൽ ഉയർന്ന സുരക്ഷാ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മെറ്റാമെറിക് ഇങ്ക് ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ നോട്ടിനെ കള്ളനോട്ടുകളിൽനിന്ന് സംരക്ഷിക്കുന്നു. ദീർഘകാലം ഉപയോഗിക്കാവുന്നതിനാൽ ഉൽപാദന-വിതരണ ചെലവ് കുറയുകയും പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറഞ്ഞുവരികയും ചെയ്യുന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം.
145 x 76 മില്ലീമീറ്റർ വലുപ്പമുള്ള പുതിയ ഒരു റിയാൽ നോട്ടിന് ആധുനിക രൂപകൽപ്പനയും സമ്പന്നമായ സാംസ്കാരിക പ്രതീകങ്ങളും നൽകിയിട്ടുണ്ട്. ഒരു വശത്ത് ഒമാൻ ബൊട്ടാണിക് ഗാർഡനും മറുവശത്ത് സയ്യിദ് താരിഖ് ബിൻ തൈമൂർ സാംസ്കാരിക സമുച്ചയം, ദുകം തുറമുഖം, റിഫൈനറി എന്നിവയുടെ ദൃശ്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
ബൊട്ടാണിക്കൽ ഗാർഡന്റെ മേലാപ്പിനോട് ചേർന്നാണ് നോട്ടിലെ ട്രാൻസ്പാരന്റ് ഭാഗം ഒരുക്കിയിരിക്കുന്നത്. മാറുന്ന വർണങ്ങളുള്ള ഫോയിൽ സ്ട്രിപ്പിൽ ഫ്രാങ്കിൻസെൻസ് (കുന്തിരിക്കമരം) വൃക്ഷത്തിന്റെ ചിത്രം മുൻവശത്തും, പിൻവശത്ത് നിറം മാറുന്ന രീതിയിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ മുദ്രയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൃശ്യഭംഗിയും സാങ്കേതിക മികവും ചേർന്നതാണ് പുതിയ നോട്ട്. നിലവിലുള്ള ഒരു റിയാൽ നോട്ടുകളോടൊപ്പം തന്നെ പുതിയ പോളിമർ നോട്ടുകളും രാജ്യത്തുടനീളം വിനിമയത്തിനുണ്ടാകും. ബാങ്കുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഇതിനായി ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്.
കറൻസി ശേഖരിക്കുന്നവർക്കായി 1,000 അൺകട്ട് നോട്ട് ഷീറ്റുകളും 10,000 നോട്ടുകളും പ്രത്യേക പാക്കേജുകളിൽ ലഭ്യമാക്കും. സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ റൂവി, സലാല, സുഹാർ കൗണ്ടറുകളിലും മസ്കത്തിലെ ഓപൺ ഗലേറിയയിലെ ഒമാൻ പോസ്റ്റിന്റെ പ്രത്യേക കൗണ്ടറിലുമാണ് ജനുവരി 11 മുതൽ സ്മാരക നോട്ടുകൾ ലഭ്യമാകുക.
Polymer technology, new riyal notes


































