ദോഹ: [gcc.truevisionnews.com] രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി മഴ ലഭിക്കുകയും തണുത്ത കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്തു. തലസ്ഥാനമായ ദോഹ ഉൾപ്പെടെ പല പ്രദേശങ്ങളിലും ശക്തമായ കാറ്റിനൊപ്പം മഴ പെയ്തതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മിസഈദ് ഉൾപ്പെടെയുള്ള ചില മേഖലകളിൽ ആലിപ്പഴവർഷവും റിപ്പോർട്ട് ചെയ്തു. ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ കിരാന മേഖലയിലാണ്—90.4 മില്ലീമീറ്റർ. അൽ വക്റയിൽ 80.1 മില്ലീമീറ്ററും അബൂ സംറയിൽ 71.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശരാശരി താപനില 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. മിസഈദിൽ 8 ഡിഗ്രിയും അൽഖോർ, അബൂ സംറ മേഖലകളിൽ 10 ഡിഗ്രിയും അൽ വക്റയിൽ 11 ഡിഗ്രിയും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തി.
ഇതിനിടെ ശീതകാലത്തിന്റെ രണ്ടാമത്തെ നക്ഷത്രമായ അൽ ഖൽബ് ഉദിച്ചതോടെ തണുപ്പ് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യമാണെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഈ കാലയളവിൽ പ്രഭാത സമയങ്ങളിൽ മൂടൽമഞ്ഞും വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ.
അതേസമയം, ശക്തമായ മഴയെ തുടർന്നുണ്ടായ സാഹചര്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. കനത്ത മഴ പെയ്തിട്ടും മണിക്കൂറുകൾക്കുള്ളിൽ തന്നെ മിക്ക റോഡുകളിലും ടണലുകളിലും ഗതാഗതം പുനഃസ്ഥാപിക്കാൻ ഫീൽഡ് ടീമുകൾക്ക് സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
മുൻകൂർ തയ്യാറെടുപ്പുകളും മുനിസിപ്പാലിറ്റികളുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായുള്ള ഏകോപനവും 24 മണിക്കൂറും തുടരുകയായിരുന്നുവെന്നും അറിയിച്ചു. ഫിഫ അറബ് കപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയം, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീമുകളെ വിന്യസിച്ചിരുന്നു.
വെള്ളക്കെട്ട് നീക്കം ചെയ്യാൻ 371-ലധികം വാട്ടർ ടാങ്കറുകളും 44-ലധികം മൊബൈൽ പമ്പുകളും പ്രവർത്തനത്തിലിറക്കി. നൂറുകണക്കിന് ടെക്നീഷ്യന്മാരും തൊഴിലാളികളും അടിയന്തര സാഹചര്യങ്ങളിൽ രംഗത്തുണ്ടായി.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ലഭിച്ച 414 പരാതികളും ആറു മണിക്കൂറിനുള്ളിൽ പരിഹരിച്ചതായും മുഐദർ, ഇൻഡസ്ട്രിയൽ ഏരിയ, മിബൈരീക്ക്, അൽ വക്റ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കൂടുതൽ ബാധിച്ചതെന്നും അശ്ഗാൽ അറിയിച്ചു.
രാജ്യത്തുടനീളമുള്ള 111 തുരങ്കങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടെങ്കിൽ 88 എന്ന നമ്പറിൽ കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.
Heavy rain, cold weather, Doha


































