മനാമ: [gcc.truevisionnews.com] ബഹ്റൈനിലെ വിവിധ മേഖലകളിൽ തുടർച്ചയായി നടന്ന വൻ കവർച്ചകൾക്ക് പൊലീസ് വിരാമമിട്ടു. കേസുമായി ബന്ധപ്പെട്ട് 42ഉം 44ഉം വയസ്സുള്ള രണ്ട് ഏഷ്യൻ സ്വദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു.
കെട്ടിടങ്ങളിൽനിന്ന് ഇലക്ട്രിക്കൽ കേബിളുകൾ, ലോഹസാമഗ്രികൾ എന്നിവ മോഷ്ടിച്ചിരുന്ന പ്രതികൾ ഏകദേശം 6000 ബഹ്റൈൻ ദിനാർ വിലമതിക്കുന്ന വസ്തുക്കളാണ് കവർന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റ് സമയത്ത് ഇവരുടെ പക്കൽ നിന്ന് നിശ്ചിത അളവിലുള്ള മയക്കുമരുന്നും പൊലീസ് കണ്ടെടുത്തു. നിരവധി മോഷണപരാതികൾ ലഭിച്ചതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് വിഭാഗം നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ശാസ്ത്രീയ തെളിവുകളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയായിരുന്നു നടപടി. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിച്ചെടുത്ത തൊണ്ടിമുതലുകളും ലഹരിമരുന്നും സഹിതം പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Grand theft, arrest,


































