റിയാദ്: [gcc.truevisionnews.com] നാല് മൾട്ടി-മിഷൻ യുദ്ധക്കപ്പലുകൾ നിർമിക്കുന്ന ‘തുവൈഖ്’ പദ്ധതിയുടെ ഭാഗമായി ആദ്യ കപ്പലായ ‘ഹിസ് മജസ്റ്റി കിങ് സഊദ്’ റോയൽ സൗദി നാവികസേന ഔദ്യോഗികമായി നീറ്റിലിറക്കി.
അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ കപ്പലിന്റെ ലോഞ്ചിങ് ചടങ്ങിൽ നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽഗരീബി സാക്ഷ്യം വഹിച്ചു.
ചടങ്ങിൽ സൗദിയിലെയും അമേരിക്കയിലെയും മുതിർന്ന സൈനിക–പ്രതിരോധ ഉദ്യോഗസ്ഥർ പങ്കെടുത്തു. ലോക്ക്ഹീഡ് മാർട്ടിൻ, ഫിൻകാന്തിയേരി എന്നീ പ്രമുഖ പ്രതിരോധ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും സാന്നിധ്യമുണ്ടായിരുന്നു.
‘തുവൈഖ്’ പദ്ധതിയിലെ ആദ്യ കപ്പൽ വിജയകരമായി നീറ്റിലിറക്കാനായതിൽ നാവികസേനാ മേധാവി സന്തോഷം രേഖപ്പെടുത്തി. സായുധസേനയുടെ ആധുനികവൽക്കരണത്തിനും വികസനത്തിനും സൗദി ഭരണകൂടം നൽകുന്ന ശക്തമായ പിന്തുണയാണ് ഇത്തരം നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ സൈനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന പ്രഫഷനൽ നാവികസേനയെ രൂപപ്പെടുത്തുകയെന്ന സൗദിയുടെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമാണ് ‘തുവൈഖ്’ പദ്ധതി. അതോടൊപ്പം നാവിക ഉദ്യോഗസ്ഥർക്കുള്ള സമഗ്ര പരിശീലനവും യോഗ്യതാ വികസന പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗദിയുടെ തന്ത്രപ്രധാന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും പ്രധാന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നാവികസേനയുടെ സന്നദ്ധത വർധിപ്പിക്കാൻ ഈ പദ്ധതി സഹായകരമാകും. വ്യോമ, ഉപരിതല, ജലാന്തർഗത ലക്ഷ്യങ്ങളെ നേരിടാൻ ശേഷിയുള്ള നൂതന യുദ്ധ സംവിധാനങ്ങളാണ് കപ്പലുകളുടെ പ്രധാന സവിശേഷത.
ഇതോടൊപ്പം ജുബൈലിലെ കിങ് അബ്ദുൽ അസീസ് നാവിക താവളത്തിന്റെ വികസനം, അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ വിപുലീകരണം, പരിശീലന കേന്ദ്രങ്ങളുടെ സ്ഥാപനം എന്നിവയും ‘തുവൈഖ്’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്നും നാവികസേനാ മേധാവി വ്യക്തമാക്കി.
First warship, Royal Saudi Navy, King Saud


































