Dec 16, 2025 02:03 PM

മസ്‌കത്ത്: ( gcc.truevisionnews.com ) ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. 20 മുതൽ 60 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. ഇത് വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും.

ശക്തമായ കാറ്റ് വീശും. 15 മുതൽ 35 നോട്ട് വരെ (മണിക്കൂറിൽ 28-64 കിലോമീറ്റർ) വേഗതയിൽ കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, മുസന്ദം ഗവർണറേറ്റിലും ഒമാൻ കടൽത്തീരങ്ങളിലും തിരമാലകൾ ഗണ്യമായി ഉയരും. 1.5 മുതൽ 2.0 മീറ്റർ വരെ തിരമാലകൾ ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

കൊടുങ്കാറ്റുകൾ ദൃശ്യപരത കുറയ്ക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. മുസന്ദത്തിനപ്പുറം, ബുറൈമി, തെക്ക് വടക്ക് ബാത്തിന, അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

ഇടിമിന്നൽ സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ എല്ലാ താമസക്കാരെയും സന്ദർശകരെയും അധികൃതർ ഉണർത്തി. വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രതാ കാലയളവിൽ കപ്പൽ യാത്ര ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് സി.എ.എയുടെ നാഷനൽ മൾട്ടിഹാസാർഡ് ഏർലി വാണിങ് സെന്റർ അഭ്യർഥിച്ചു.

അതേസമയം, കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുസന്ദം ഗവർണറേറ്റിൽ ഇന്ന് (ചൊവ്വ) സ്കൂൾ ക്ലാസുകൾ ഓൺലൈനിലായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ, രാജ്യാന്തര സ്കൂളുകളിൽ ഇന്ന് ഫിസിക്കൽ ക്ലാസുകൾ ഉണ്ടാകില്ല. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Heavy rains expected in Oman from today risk of flooding classes online

Next TV

Top Stories