(https://gcc.truevisionnews.com/) വിവിധ രാജ്യങ്ങളില്‍ നിന്നുളള കോഴി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് ഭരണകൂടം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യങ്ങളില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ അറിയിപ്പുണ്ട്.
മെക്‌സിക്കോ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. ഫ്രഷ് കോഴി ഇറച്ചി, ശീതീകരിച്ച കോഴിയിറച്ചി, സംസ്‌കരിച്ച കോഴിയുല്‍പ്പന്നങ്ങള്‍, കോഴിമുട്ട എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണ്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അറിയിച്ചു.
അതേ സമയം അണുക്കളെ നശിപ്പിക്കാന്‍ ആവശ്യമായ താപനിലയില്‍ സംസ്‌കരിച്ച കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൈന, തുര്‍ക്കി, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. ഇതിന് പുറമെ മാഡ് കൗ രോഗം സംബന്ധിച്ച് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ കന്നുകാലികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ലോക മൃഗാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Kuwait bans poultry imports


































