ദുബൈ: (gcc.truevisionnews.com) പൊതു നിരത്തുകളിൽ അനാവശ്യമായി ഹോണടിക്കുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കുക. വാഹനങ്ങളിൽ നിന്ന് ഉയരുന്ന അമിതശബ്ദം കണ്ടെത്തുന്നതിനായി പ്രത്യേക സൗണ്ട് റഡാറുകൾ നഗരത്തിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട് എന്ന് ദുബൈ പൊലീസ് അറിയിച്ചു. അമിതമായി ഹോൺ മുഴക്കിയാൽ 2,000 ദിർഹമാണ് പിഴ ഈടാക്കുന്നത്.
എമിറേറ്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഈ റഡാർ സംവിധാനം ഇപ്പോൾ തന്നെ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ എല്ലായിടത്തും ഇത് സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
അമിതമായി ഹോൺ മുഴക്കുന്നതും, മറ്റുള്ളവർക്ക് ശല്യമായ രീതിയിൽ വാഹനത്തിൽ നിന്ന് ഉയരുന്ന ഏത് ശബ്ദവും ഈ റഡാർ കണ്ടെത്തും. ഇത്തരം കുറ്റങ്ങൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ഡ്രൈവർക്ക് ലഭിക്കുക. തെറ്റ് ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയും, തിരികെ ലഭിക്കാൻ 10,000 ദിർഹം പിഴ അടയ്‌ക്കേണ്ടിയും വരും.
മാതൃകാപരമായതും, ശാന്തവും സുരക്ഷിതവുമായ നഗരജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റുള്ള യാത്രക്കാർക്ക് ശല്യമാകുന്ന തരത്തിലുള്ള ഒരു പ്രവർത്തിയും ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ട്രാഫിക് നിയമങ്ങൾ പാലിച്ച് മാത്രമേ വാഹനമോടിക്കാൻ പാടുള്ളു എന്നും പൊലീസ് ഓർമിപ്പിച്ചു.
Don't honk unnecessarily someone above is watching Dubai Police reminds




























