(https://gcc.truevisionnews.com/) ഉംറക്കെത്തിയ കൊല്ലം ചവറ സ്വദേശി ജിദ്ദയിൽ അന്തരിച്ചു. ചവറ പുല്ലംവയലിൽ ലൈജു നിവാസിൽ റഷീദ് കുഞ്ഞ് (76) ആണ് ജിദ്ദ അൽമഹജ്ർ കിങ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ അന്തരിച്ചത്.
നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവ്വഹിക്കാൻ എത്തിയതായിരുന്നു. ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്റെ അടുത്തായിരുന്നു താമസം. ഉംറ നിർവഹിച്ചശേഷം മകനോടൊപ്പം ജിദ്ദയിൽ കഴിയുന്നതിനിടെ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.
അൽമഹജ്ർ കിങ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. അസുഖ വിവരമറിഞ്ഞ് മക്കളായ ലൈജുവും ബൈജുവും നാട്ടിൽ നിന്ന് ജിദ്ദയിൽ എത്തിയിരുന്നു.
കരുനാഗപ്പള്ളി താലൂക്ക് മുൻ ഡെപ്യൂട്ടി തഹസിൽദാരാണ്. മൃതദേഹം ഇന്ന് രാവിലെ ജിദ്ദയിലെ റുവൈസ് കബർസ്ഥാനിൽ കബറടക്കി. നൂർനിസയാണ് ഭാര്യ. മക്കൾ: ലൈജു (ആമീസ് പാരഡൈസ്, ചവറ), ബൈജു (പൊലീസ് ഐ.ടി വിഭാഗം, തിരുവനന്തപുരം), ഷൈജു (ജിദ്ദ). മരുമക്കൾ: സുമയ്യ (വനം വകുപ്പ് ഉദ്യോഗസ്ഥ), ഡോ.ജാസ്‌മിൻ (ആയുർവേദ കോളജ്, തിരുവനന്തപുരം), സൗഫിയ.
Kollam native passes away in Jeddah


































