കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്തിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് മുന്നേറുന്ന പ്രധാന വികസന പദ്ധതികളുടെയും തന്ത്രപരമായ ആഗോള പങ്കാളിത്തങ്ങളുടെയും നിലവിലെ പുരോഗതി മന്ത്രിസഭാ സമിതി വിലയിരുത്തി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ച ബയാൻ പാലസിലെ 34-ാമത് യോഗത്തിലാണ് വിവിധ വിഷയങ്ങൾ ആഴത്തിൽ പരിശോധിച്ചത്. കുവൈത്തിന്റെ വിവിധ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ശക്തമായി മുന്നേറുന്നതായി പ്രധാനമന്ത്രി യോഗത്തിൽ നിരീക്ഷിച്ചു.
ഉയർന്നതല രാഷ്ട്രീയ സന്ദർശനങ്ങൾക്ക് കുവൈത്ത് തയ്യാറെടുക്കുന്നുണ്ടെന്നും, സാമ്പത്തിക-നിക്ഷേപ-വാണിജ്യ മേഖലയിലെ പങ്കാളിത്തങ്ങളെ മെച്ചപ്പെടുത്തുന്നതിന് ഈ സന്ദർശനങ്ങൾ നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക-നിക്ഷേപ മേഖലയിൽ വലിയ ചുവടുവെപ്പുകൾ ലക്ഷ്യമിട്ടുള്ള വിവിധ വികസന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്‌തതായി ഏഷ്യൻ കാര്യങ്ങളുടെ വിദേശകാര്യ മന്ത്രിയും സമിതി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ഹയാത്ത് അറിയിച്ചു.
ആഗോള കമ്പനികളുമായി സർക്കാർ തലത്തിൽ നടത്തുന്ന ചർച്ചകൾ മികച്ച പുരോഗതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുബാറക് അൽ കബീർ തുറമുഖ വികസനം, രാജ്യാന്തര പവർ ഗ്രിഡ് സഹകരണം, പുനരുപയോഗ ഊർജ പദ്ധതികൾ, ഭവന നിർമാണ പദ്ധതി, അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ യോഗത്തിൽ പ്രധാനമായും പരിഗണിച്ചു.
യോഗത്തിൽ പ്രധാനമന്ത്രിയുടെ ദിവാൻ ഡയറക്ടർ മോവി അബ്ദുൽ അസീസ് അൽ ദഖീൽ, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മശാൻ, മുനിസിപ്പൽ-ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മശാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി കൂടിയായ ധനകാര്യ ആക്ടിങ് മന്ത്രി ഡോ. സബീഹ് അൽ മുഖൈസീം എന്നിവർ പങ്കെടുത്തു.
Kuwait City, Mubarak Al Kabir Port Development and Housing Project


































