മനാമ: ( gcc.truevisionnews.com ) ജോലി നഷ്ടപ്പെട്ട്, വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെ ദുരിതത്തിലായ മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് ഹോപ്പ് ബഹ്റൈൻ കൂട്ടായ്മയുടെ ഇടപെടൽ ആശ്വാസമായി. ഹോപ്പ് പ്രവർത്തകരുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും സഹായത്താൽ ഈ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു.
കുടുംബനാഥന് ജോലി നഷ്ടമായതിനെ തുടർന്ന് വാടക നൽകാൻ കഴിയാതെ വന്നതോടെ ദമ്പതികൾക്ക് താമസസ്ഥലത്ത് നിന്ന് മാറേണ്ട ഗുരുതര സാഹചര്യം ഉടലെടുക്കുകയായിരുന്നു. ഇവരുടെ ദുരിതമറിഞ്ഞ ഹോപ്പ് ബഹ്റൈൻ പ്രവർത്തകർ ഉടൻതന്നെ ഇടപെട്ട് ഇവരെ പുനരധിവസിപ്പിച്ചു.
ഇവർക്കാവശ്യമായ ഭക്ഷണസാധനങ്ങളും ഹോപ്പ് പ്രവർത്തകർ എത്തിച്ചുനൽകുകയായിരുന്നു. തൊഴിലുടമ 'റൺ എവേ' കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിത്ര പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ച യുവതിയുടെ പാസ്പോർട്ട്, അഡ്വ. താരിഖ് അലൗണിന്റെ അടിയന്തര ഇടപെടലിലൂടെ കോടതി അപ്പീലിന് ശേഷം തിരികെ ലഭിക്കുകയായിരുന്നു. വിസ മാറ്റത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും പുതിയ സ്പോൺസർഷിപ്പ് ലഭിക്കാത്തതിനാലും യുവതിയുടെ ആരോഗ്യനില മോശമായതിനാലും ദമ്പതികളെ നാടുകടത്താൻ കോടതി ഉത്തരവിടുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞ ഈ കുടുംബത്തിന്റെ വിസ റദ്ദാക്കി നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള നിയമപരമായ പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഹോപ്പ് ഏറ്റെടുത്തു. യാത്രക്കുള്ള എയർ ടിക്കറ്റും യാത്രാചെലവിനായുള്ള തുകയും ഹോപ്പ് നൽകി. ആവശ്യമുള്ള ചികിത്സയും മെഡിക്കൽ ചെക്കപ്പുകളും ചെയ്തുനൽകിയത് കിംസ്ഹെൽത്ത് ഹോസ്പിറ്റലാണ്.
വിഷയവുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ കൈകാര്യം ചെയ്തത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ഹെഡ് സുധീർ തിരുനിലത്തും അഡ്വ. താരിഖ് അലൗണുമാണ്. ഹോപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാബു ചിറമേൽ, അഷ്കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി, ഷാജി ഇളമ്പിലായി, റെഫീഖ് പൊന്നാനി എന്നിവർ നേതൃത്വം നൽകി. നാട്ടിലെത്തിയാൽ ചികിത്സ തുടരുന്നതിനോ ജീവിതം പുനഃസൃഷ്ടിക്കുന്നതിനോ മറ്റ് മാർഗങ്ങളില്ലാത്ത ഒരു ദുഷ്കരമായ ഘട്ടത്തിലൂടെയാണ് ഇവർ കടന്നുപോകുന്നത്. കൃത്യസമയത്ത് സഹായം എത്തിച്ച ഇന്ത്യൻ എംബസി, അഡ്വ. താരിഖ് അലൗൺ, ഡോ. സന്ധു, ഡോ. ഇഖ്ബാൽ, കെ.ഐ.എം.എസ് ഹെൽത്ത് ഉൾപ്പെടെ എല്ലാ സുമനസ്സുകൾക്കും സംഘടനകൾക്കും സംഘാടകർ നന്ദി പറഞ്ഞു.
Job lost, visa expired; Hope Bahrain helps couple in distress in Bahrain, family returns home
 
                    
                                                            


































