( gcc.truevisionnews.com ) ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തിലേറെ പഴക്കമുള്ള പിഴകള്‍ റദ്ദാക്കി ഷാര്‍ജ പൊലീസ്. 7,000ത്തിലധികം പിഴകളാണ് റദ്ദാക്കിയത്. പിഴ ഒഴിവാക്കാനുള്ള ഓരോ അപേക്ഷയ്ക്കും 1,000 ദിര്‍ഹം ഫീസ് ഈടാക്കും. എന്നാല്‍ ചില പ്രത്യേക കേസുകളെ ഈ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാഹന ഉടമയുടെ മരണം, 10 വര്‍ഷമോ അതിലധികമോ കാലയളവില്‍ രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്തുപോവുക, ഉടമയെ കണ്ടെത്താന്‍ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് സര്‍വീസ് സെന്ററുകളെ സമീപിക്കണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
വിവിധ ഗതാഗത നിയമ ലംഘനങ്ങളുടെ പേരിലുളള പിഴകള്‍ കൃത്യസമത്ത് അടക്കുന്നവര്‍ക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചാല്‍ 35 ശതമാനം കിഴിവ് ലഭിക്കും. 60 ദിവസത്തിനും ഒരു വര്‍ഷത്തിനും ഇടയിലാണ് പിഴ അടക്കുന്നതെങ്കില്‍ 25 ശതമാനം കിഴിവായിരിക്കും ലഭിക്കുക. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കണമെന്ന് ഷാര്‍ജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Sharjah Police cancels traffic fines over 10 years old