അബുദാബി/ ദുബായ് : (gcc.truevisionnews.com) യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി എഐ (നിർമിത ബുദ്ധി) കൈകാര്യം ചെയ്യും. അപേക്ഷയ്ക്കൊപ്പം നൽകിയ പാസ്പോർട്ട്, ഫോട്ടോ, സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത നിർമിത ബുദ്ധി പരിശോധിച്ച് ഉറപ്പാക്കും. നടപടിക്രമങ്ങൾ എളുപ്പം പൂർത്തിയാക്കാനും വേഗത്തിൽ വർക്ക് പെർമിറ്റ് ലഭിക്കാനും ഇതിലൂടെ സാധിക്കും
മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ‘ഐ’ എന്നു പേരിട്ട എഐ സംവിധാനം ജൈറ്റക്സിൽ പുറത്തിറക്കിയത്. യുഎഇയിൽ വിവിധ വിഭാഗങ്ങളിലായി നൽകുന്ന 13 തരം വർക്ക് പെർമിറ്റുകളുടെ മേൽനോട്ടം എഐയ്ക്ക് ആയിരിക്കും. സാധുവായ വർക്ക് പെർമിറ്റില്ലാതെ യുഎഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. അനുമതി എടുക്കാതെ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാനോ നിയമിക്കാനോ പാടില്ല.
കുറഞ്ഞത് 6 മാസ കാലാവധിയെങ്കിലും ഉള്ള പാസ്പോർട്ട്, നിശ്ചിത വലുപ്പത്തിലുള്ള ഫോട്ടോ, എൻട്രി പെർമിറ്റ്, തൊഴിൽ കരാറിന്റെ പകർപ്പ്, സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കമ്പനി ട്രേഡ് ലൈസൻസ്, എസ്റ്റാബ്ലിഷ്മെന്റ് കാർഡ് തുടങ്ങിയവ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചിട്ടുണ്ടോ എന്നത് നിമിഷ നേരംകൊണ്ട് നിർമിത ബുദ്ധി പരിശോധിച്ച് ഉറപ്പാക്കി എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്യും.
നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സേവന നിലവാരം മെച്ചപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പാണ് 'ഐ' സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ലേബർ മാർക്കറ്റ് സർവീസസ് ആക്ടിങ് അസി. അണ്ടർ സെക്രട്ടറി റാഷിദ് ഹസൻ അൽ സാദി പറഞ്ഞു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, ചെലവ് കുറയ്ക്കുക എന്നിവയും ഡിജിറ്റൽ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നു.
ഇടപാട് പൂർത്തീകരണം വേഗത്തിലാക്കാനും ഉയർന്ന നിലവാരമുള്ള ഡോക്യുമെന്റ് സമർപ്പണം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. വർക്ക് ബണ്ടിൽ, ആസ്ക് ഡേറ്റ, ഫോർകാസ്റ്റിങ് ഫ്യൂചർ ജോബ്സ് ആൻഡ് സ്കിൽസ്, സ്മാർട്ട് സേഫ്റ്റി ട്രാക്കർ തുടങ്ങി മന്ത്രാലയത്തിന്റെ നൂതന സേവനങ്ങളും ജൈറ്റക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Work permit applications in the UAE will now be handled by AI (artificial intelligence).