യാംബു: (gcc.truevisionnews.com) ചെങ്കടലിലെ ജൈവവൈവിധ്യവും പവിഴപ്പുറ്റുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ് കൺസർവേഷനാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.വേനൽക്കാലത്ത് പവിഴപ്പുറ്റുകൾക്കുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഭൗതികവും രാസപരവുമായ കാരണങ്ങളാൽ പവിഴപ്പുറ്റുകൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പഠിച്ച് അവയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനും ശ്രമിക്കും.
'റിമോട്ട് സെൻസിങ്' പോലുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നത്. പവിഴപ്പുറ്റുകളുടെ സാന്നിധ്യം രേഖപ്പെടുത്താനും അവയുടെ വളർച്ച മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താപനില, ലവണാംശം, ക്ലോറോഫിൽ സാന്ദ്രത തുടങ്ങിയ ഭൗതികവും രാസപരവുമായ ഘടകങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം പവിഴപ്പുറ്റുക ളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തിന്റെ നിലയും ആരോഗ്യവും വിലയിരുത്തുന്നതിലും രണ്ടാംഘട്ടപരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. മത്സ്യബന്ധന മാലിന്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളുടെ ആഘാതങ്ങൾ സർവേ ചെയ്യുകയും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും. മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും സമൃദ്ധിയെ കുറിച്ചുള്ള സമഗ്രമായ സർവേകൾ നടത്താനും പദ്ധതി ലക്ഷ്യം വെക്കുന്നു. പവിഴപ്പുറ്റുകളുടെ ജൈവവൈവിധ്യം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ആധുനിക ദേശീയ 'ഡാറ്റാബേസ്' നിർമിക്കുന്നതിന് ഈ ശ്രമങ്ങൾ സംഭാവന ചെയ്യുമെന്ന് വിലയിരുത്തുന്നു.
പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ജൈവ വൈവിധ്യ നിരീക്ഷണപദ്ധതി പ്രതിഫലിപ്പിക്കുന്നു. സമുദ്ര, തീരദേശ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനും പരിപാടി വഴി സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ ചെങ്കടലിന്റെ വൈവിധ്യം പ്രകടിപ്പിക്കാൻ നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെന്റിന്റെ പ്രതിബദ്ധതയെ പുതിയ പദ്ധതി പ്രതിഫലിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Coral reefs are being guarded; Phase 2 of the coral reef protection project has begun