ദുബായ് : ( gcc.truevisionnews.com ) നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബൈക്കിടിച്ച് ദുബായിൽ യാത്രക്കാരന് ദാരുണാന്ത്യം. സാങ്കേതിക തകരാർ കാരണം ട്രക്ക് ഷെയ്ഖ് സായിദ് റോഡിന്റെ സമീപത്തുള്ള ഹാർഡ് ഷോൾഡറിൽ സുരക്ഷിതമല്ലാത്ത രീതിയിൽ നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായത്.
ഈ സമയം എത്തിയ ബൈക്കിന് നിയന്ത്രണം നഷ്ടമാവുകയും ട്രക്കിന്റെ പിന്നിലിടിക്കുകയുമായിരുന്നു. അറേബ്യൻ റാഞ്ചസ് പാലത്തിന് സമീപം അബുദാബി ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. എന്നാൽ മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒട്ടേറെ കാരണങ്ങൾ അപകടത്തിന് വഴിവെച്ചതായി ദുബായ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പറഞ്ഞു.
ട്രക്ക് അപകടകരമായ രീതിയിൽ നിർത്തിയിട്ടതും ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധക്കുറവുമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്ത് തന്നെ ബൈക്ക് യാത്രക്കാരൻ മരിച്ചു. അനാവശ്യമായി ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ ഓർമിപ്പിച്ചു.
വാഹനം പെട്ടെന്ന് കേടാവുകയോ, അടിയന്തര വൈദ്യസഹായം വേണ്ടിവരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രമേ ഹാർഡ് ഷോൾഡർ ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം ഈ ഭാഗം ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കും. റോഡിന്റെ ഓരങ്ങളിൽ അശ്രദ്ധമായി വാഹനം നിർത്തിയിടുന്നതിലൂടെ ദിവസവും അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധിക്കണം. ദുബായിൽ ഇത്തരം നിയമലംഘനങ്ങൾക്ക് പതിനായിരക്കണക്കിന് ദിർഹം പിഴയും ബ്ലാക്ക് പോയിന്റുകളും വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള ശിക്ഷകളും ലഭിക്കും.
Passenger dies after crashing into parked truck after bike hits him Dubai Police issues warning