ദോഹ : (gcc.truevisionnews.com) ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരുക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ.
ഡ്യൂട്ടിയിലായിരുന്ന കോർപ്പറൽ ബാദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്വിയ ഓഫിസർ. ഹമാസിന്റെ ഗാസയിലെ മുൻ തലവൻ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമ്മാം ഖലീൽ അൽ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റർമാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ പരുക്കേറ്റവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരുക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇന്നലെ പ്രാദേശിക സമയം മൂന്നര മണിയോടെയാണ് ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ കൾചറൽ വില്ലേജിന് സമീപത്തെ ലഗ്താഫിയ ഏരിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.
ഗാസ വെടിനിർത്തൽ സംബന്ധിച്ച സമാധാന ചർച്ചകൾ ഖത്തറിന്റെ നേതൃത്വത്തിൽ ദോഹയിൽ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇസ്രയേലിന്റെ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ ആരോപിച്ചു. ഗാസ വെടിനിർത്തൽ ചർച്ചകളെ ആക്രമണം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Israeli attack in Doha: Six people including a Qatari security officer killed; many injured