Sep 3, 2025 01:10 PM

അബുദാബി: (gcc.truevisionnews.com) സ്കൂൾ വിദ്യാർഥികളുടെ ഹാജർ നിയമങ്ങൾ കർശനമാക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. ലീവ് ലെറ്റർ നൽകാതെ ഒരു ടേമിൽ അഞ്ചും വർഷത്തിൽ 15 ദിവസത്തിൽ കൂടുതൽ ക്ലാസിൽ ഹാജരാകാത്ത വിദ്യാർഥികൾക്ക് അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് നിർദേശം. യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കെല്ലാം നിയമം ബാധകമാണ്.

ഒരു ദിവസമാണ് ലീവ് എടുക്കുന്നതെങ്കിലും രേഖാമൂലം സ്കൂളിനെ അറിയിക്കണം. കാരണംകൂടാതെ ലീവെടുക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകും. 3 തവണ മുന്നറിയിപ്പ് നൽകിയിട്ടും 15 ദിവസത്തിൽ കൂടുതൽ ലീവെടുക്കുന്നവർ ഒരു വർഷം കൂടി ഇതേ ക്ലാസിൽ തുടരേണ്ടിവരും.

ഇത്തരം കേസുകൾ ശിശുസംരക്ഷണ വിഭാഗത്തിന് റഫർ ചെയ്യും. ഇതൊഴിവാക്കാൻ വിദ്യാർഥികളും രക്ഷകർത്താക്കളും സ്കൂളിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും സത്യവാങ്മൂലം നൽകണം. വാരാന്ത്യ, പൊതു അവധി ദിവസങ്ങൾക്കു മുൻപോ ശേഷമോ ഉള്ള ദിവസം അവധിയെടുത്താൽ 2 ദിവസത്തെ അവധിയായി കണക്കാക്കും.

ശനി, ഞായർ ദിവസങ്ങളിലാണ് യുഎഇയിൽ വാരാന്ത്യ അവധി. അതിനാൽ വെള്ളി, തിങ്കൾ ദിവസങ്ങളിൽ അവധി എടുത്താലാണ് 2 ദിവസം ലീവെടുത്തതായി കണക്കാക്കുക. മൂന്ന് ടേമുള്ള അധ്യയന വർഷത്തിലെ ഒരോ ടേമുകളിലും 5 വീതം മൊത്തം 15 ദിവസമാണ് രേഖാമൂലം അനുവദിച്ച അവധി. ഈ പരിധി ലംഘിക്കുന്ന വിദ്യാർഥികൾ ഒരു വർഷം കൂടി ഇതേ ക്ലാസിൽ തുടരേണ്ടിവരും.

ഇക്കാര്യം രേഖാമൂലം രക്ഷിതാവിനെ അറിയിക്കും. അറിയിപ്പ് ലഭിച്ച് 5 ദിവസത്തിനകം അപ്പീൽ നൽകാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. സാധാരണ ലീവ് എടുക്കുന്നവർ തലേദിവസം സ്കൂളിലേക്ക് ഇമെയിൽ അയയ്ക്കണം. അസുഖം മൂലമാണ് സ്കൂളിൽ എത്താതിരുന്നതെങ്കിൽ രാവിലെ 8.30ന് മുൻപ് അക്കാര്യം സ്കൂളിലേക്ക് ഇ-മെയിൽ മുഖേന അറിയിക്കുകയും അടുത്ത ദിവസം സ്കൂളിൽ എത്തുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അടുത്ത ബന്ധുക്കൾ മരിച്ചാൽ 5 ദിവസം വരെ ലീവിന് അർഹതയുണ്ട്.

അവധി എടുക്കുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ അധിക ക്ലാസ് എടുത്ത് നഷ്ടപ്പെട്ട പഠനം നികത്താമെന്ന് സ്കൂൾ അധികൃതരും വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന് (അഡെക്) സത്യവാങ് മൂലം നൽകണം. ക്ലാസ് നടത്തിയ ശേഷം കുട്ടിയുടെ പഠന നിലവാരവും അഡെകിനെ അറിയിക്കണം.

കൗൺസലിങ്, പേരന്റ്സ് മീറ്റിങ്, മോട്ടിവേഷനൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഹാജരാകാത്തതും രേഖപ്പെടുത്തും. വിദ്യാർഥികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ മാതാപിതാക്കൾക്ക് തത്സമയം അറിയിപ്പ് ലഭിക്കുന്ന സംവിധാനം ആരംഭിക്കുമെന്നും പറഞ്ഞു.

UAE tightens attendance rules no promotion to the next class if leave is exceeded

Next TV

Top Stories










News Roundup






Entertainment News





//Truevisionall