കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഈ വർഷം ഫീസ് വർധിപ്പിക്കാനുള്ള കുവൈത്തിലെ സ്വകാര്യ സ്കൂളുകളുടെ തീരുമാനത്തിന് തടയിട്ട് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെയിൻ. 2025-2026 അധ്യയന വർഷത്തിൽ ഫീസ് ഉയർത്താനുള്ള സ്വകാര്യ സ്കൂളുകളുടെ നീക്കമാണ് മന്ത്രിതല തീരുമാനത്തിലൂടെ റദ്ദാക്കിയത്. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
സ്കൂൾ ഫീസ് നിയന്ത്രിക്കാനും രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് ഫീസ് വർധിപ്പിക്കാനുള്ള സ്വകാര്യ സ്കൂളുകളുടെ തീരുമാനം റദ്ദാക്കിയത്. വ്യവസ്ഥ ലംഘിച്ച് ഫീസ് വർധിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ കാര്യ അസി.അണ്ടർസെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എല്ലാ വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി വാർഷിക ഫീസ് വർധിപ്പിക്കുന്നതിൽ നിന്ന് സ്വകാര്യ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള 2018 ലെ ഉത്തരവ് നീട്ടികൊണ്ടുള്ളതാണ് പുതിയ തീരുമാനം. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്കൂളുകൾക്കും ഫീസ് വർധന സംബന്ധിച്ച 2020 ലെ തീരുമാനം തന്നെ 2025-2026 അധ്യയന വർഷത്തിലും തുടരും. ഇതു പ്രകാരം ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല.
No fee hike in private schools in Kuwait this year; Strict action will be taken if the condition is violated