അജ്മാന്: (gcc.truevisionnews.com) വിദ്യാർഥികള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്കൂളുകള്‍ക്ക് നിർദ്ദേശം നല്കി അധികൃതര്‍. ഇതിന്റെ ഭാഗമായി പരിശീലനം ലഭിച്ച അംഗീകൃത ഉദ്യോഗസ്ഥനെ നിയമിക്കാൻ അജ്മാൻ എമിറേറ്റിലെ ഓരോ സ്ഥാപനത്തിനും സ്വകാര്യ വിദ്യാഭ്യാസ കാര്യാലയം നിർദ്ദേശം നൽകി. വിദ്യാർഥികൾക്കെതിരായ ശാരീരികമോ മാനസികമോ വാക്കാലോ ഇലക്ട്രോണിക് രീതിയിലുള്ളതോ ആയ എല്ലാതരം ദുരുപയോഗങ്ങളും തടയണമെന്ന് അജ്മാനിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും അധികൃതർ നിർദ്ദേശിച്ചു.
അവഗണന, വിവേചനം, പീഡനം, ഭീഷണിപ്പെടുത്തൽ എന്നിവ നിരോധിക്കണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കി. എല്ലാ വിദ്യാർഥികളുടെയും അന്തസ്സ് ഉറപ്പാക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സുരക്ഷിത വിദ്യാഭ്യാസ അന്തരീക്ഷം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളുടെ സംരക്ഷണത്തിനായി ആഭ്യന്തര സംവിധാനങ്ങളും നടപടിക്രമങ്ങളും രൂപപ്പെടുത്തണമെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും മാതാപിതാക്കൾക്കും ഇടയിൽ പരസ്പര സംരക്ഷണത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കണമെന്നും സർക്കുലർ ഊന്നിപ്പറയുന്നുണ്ട്.
പരിശീലനം ലഭിച്ച ഒരു സുരക്ഷ ജീവനക്കാരനെ ഓരോ സ്കൂളിലും നിയമിക്കുന്നതോടൊപ്പം സുരക്ഷിതവും രഹസ്യവുമായ റിപ്പോർട്ടിങ് ചാനലുകൾ ഉണ്ടാക്കുകയും ഈ ജീവനക്കാർക്ക് നിർബന്ധിത വാർഷിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണം. അതോടൊപ്പം കുട്ടികളുടെ അവകാശങ്ങളെയും സംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വർക്ക്ഷോപ്പുകളും ഒരുക്കണമെന്നും അധികൃതര്‍ നിർദ്ദേശിക്കുന്നുണ്ട്.
സർക്കുലറിലെ വ്യവസ്ഥകൾ പാലിക്കാതെ നിയമലംഘനം നടത്തുന്ന സ്കൂളുകളെ നിയമപരമായ നടപടിക്ക് വിധേയമാക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. പിഴ ചുമത്തൽ, ലൈസൻസുകൾ സസ്പെൻഡ് ചെയ്യൽ, നിയമലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ എന്നിവ ഇതിന്റെ ഭാഗമായി നേരിടേണ്ടി വരുമെന്നും അധികൃതര്‍ ഓർമിപ്പിക്കുന്നുണ്ട്.
ajman Authorities have instructed schools to take necessary measures to prevent violence against students.