ദുബായ്: (gcc.truevisionnews.com) ദുബായ് മെട്രോയിലെ തിരക്ക് കുറയ്ക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. മെട്രോയുടെ റെഡ് ലൈനിലാണ് ഈ സേവനം ലഭ്യമാവുക.
സെന്റർ പോയിന്റ് സ്റ്റേഷനിൽ നിന്ന് അൽ ഫർദാൻ എക്സ്ചേഞ്ച്, ലൈഫ് ഫാർമസി, എക്സ്പോ സിറ്റി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലേക്ക് നേരിട്ടുള്ള സർവീസുകൾ ഉണ്ടാകും. ഇടയിലുള്ള സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ഈ സർവീസ് വഴി യാത്രാ സമയം ലാഭിക്കാനും തിരക്കേറിയ സമയങ്ങളിൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും യാത്രക്കാർക്ക് സാധിക്കും.
കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ രാത്രി എട്ടു വരെയുമാണ് എക്സ്പ്രസ് ട്രെയിൻ സേവനമുണ്ടാവുക. ഈ റൂട്ടിലോടുന്ന ട്രെയിനുകൾക്കു മറ്റു സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാകില്ല. അതിനാൽ രാവിലെ ജോലി സ്ഥലത്തേക്കും വൈകിട്ട് തിരിച്ചു വീട്ടിലേക്കും വേഗത്തിൽ എത്തിപ്പെടാൻ പുതിയ സർവീസ് ഉപകരിക്കും. നിലവിൽ റെഡ് ലൈനിൽ 3 റൂട്ടുകളിലാണു സേവനം. സേവനം കൊണ്ടു യാത്രക്കാർക്കു ലക്ഷ്യസ്ഥാനത്തു അതിവേഗം എത്താമെന്നതാണു നേട്ടമെന്ന് ആർടിഎ അറിയിച്ചു.
എക്സ്പോ സിറ്റി സ്റ്റേഷനിലേക്കോ ലൈഫ് ഫാർമസി സ്റ്റേഷനിലേക്കോ പോകുന്ന യാത്രക്കാർക്ക് ഇനി ട്രെയിനുകൾ മാറി കയറേണ്ടതില്ലെന്നതാണു പ്രധാന നേട്ടം. നേരിട്ടുള്ള ട്രെയിനിൽ കയറാൻ സാധിക്കുന്നതിനാൽ സമയം ലാഭിക്കാനുമാകും. തിരക്കുള്ള സമയങ്ങളിലും മറ്റു സമയങ്ങളിലും സാധാരണ മെട്രോ സേവനം തുടരും.
ഏതു ട്രെയിനിൽ കയറണമെന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സ്റ്റേഷനുകളിലെ തത്സമയ ഡിസ്പ്ലേ സ്ക്രീനുകളും അറിയിപ്പുകളും പിന്തുടരണമെന്ന് ആർടിഎ അഭ്യർഥിച്ചു. പുതിയ സർവീസിലൂടെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കു കുറയ്ക്കുകയും യാത്രക്കാരുടെ മൊത്തത്തിലുള്ള കാത്തിരിപ്പു സമയവും യാത്രാ ദൈർഘ്യവും കുറയ്ക്കുകയും ചെയ്യും. പുതിയ സേവനത്തിന്റെ ഭാഗമായി അധിക ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
ദുബായിലെ ജനസംഖ്യ 40 ലക്ഷം കവിഞ്ഞതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണു പുതിയ സേവനത്തിന്റെ പ്രഖ്യാപനവും വന്നത്. ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം. 2009ൽ റെഡ് ലൈനുമായി ആരംഭിച്ച ദുബായ് മെട്രോ 2011ൽ ഗ്രീൻ ലൈൻ ഉൾപ്പെടുത്തി വിപുലീകരിച്ചു. 2029ൽ ബ്ലൂ ലൈൻ തുറക്കുമ്പോൾ മറ്റൊരു പ്രധാന നാഴികക്കല്ലാകും. 2050 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന ബ്ലൂ ലൈനിൽ 14 പുതിയ സ്റ്റേഷനുകളുണ്ടാകും.
നിലവിലുള്ള ഗ്രീൻ, റെഡ് ലൈനുകളുമായി ബന്ധിപ്പിക്കൽ, മിർദിഫ്, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഇന്റർനാഷനൽ സിറ്റി തുടങ്ങിയ അയൽ പ്രദേശങ്ങളിലായിരിക്കും സേവനം. ഇതു മെട്രോ ശൃംഖലയിൽ 30 കിലോമീറ്റർ കൂടി ചേർക്കും. പദ്ധതി പൂർത്തിയാകുമ്പോൾ131 കിലോമീറ്റർ ദൈർഘ്യമുള്ള ദുബായ് മെട്രോ ശൃംഖലയിൽ 78 സ്റ്റേഷനുകളായി ഉയരും. 168 ട്രെയിനുകൾ സർവീസ് നടത്തും.
Dubai Metro now offers super-fast travel; Express service coming to Red Line