അബുദാബി: (gcc.truevisionnews.com)യുഎഇയിൽ ഇനി ലൈസൻസുള്ള ആയുധ വ്യാപാരം ഡിജിറ്റലായി നടത്താം. ഇടപാടുകളിൽ കൂടുതൽ സുതാര്യതയും നിയമസാധുതയും ഉറപ്പാക്കുന്നതിനായി അൽദാർ അമാൻ എന്ന പേരിൽ പുതിയൊരു ഇ-പ്ലാറ്റ്‌ഫോം യുഎഇ ആരംഭിച്ചു. ആയുധ വ്യാപാരത്തിനായി രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഡിജിറ്റൽ സേവനം ഒരുങ്ങുന്നത്.
സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റിയുടെ വെപ്പൺസ് ആൻഡ് ഹസാഡസ് സബ്സ്റ്റൻസസ് ഓഫീസാണ് (ഡബ്ല്യുഎച്ച്എസ്ഒ) പുതിയ സംരംഭത്തിന് പിന്നിൽ. പ്ലാറ്റ്‌ഫോം വഴി ലൈസൻസുള്ള വ്യക്തികൾക്ക് തങ്ങളുടെ ആയുധങ്ങൾ വിൽക്കാനും, വാങ്ങാൻ താൽപര്യമുള്ളവർക്ക് അവ തിരഞ്ഞെടുക്കാനും സാധിക്കുമെന്ന് (ഡബ്ല്യുഎച്ച്എസ്ഒ) ഡയറക്ടർ ജനറൽ മുഹമ്മദ് സുഹൈൽ അൽ നെയാദി അറിയിച്ചു.
നിയമത്തിൽ അധിഷ്ഠിതമായി, ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ലൈസൻസുള്ള ആയുധങ്ങൾ വിൽക്കാനും വാങ്ങാനും വ്യക്തികളെ അനുവദിക്കുക. ലൈസൻസുള്ള ആയുധങ്ങൾ വിൽപനയ്ക്കായി പ്രദർശിപ്പിക്കാൻ പോർട്ടൽ അവസരമൊരുക്കുന്നു. അബുദാബി ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലായിരുന്നു (അഡിഹെക്സ്) പ്രഖ്യാപനം.
പ്ലാറ്റ്ഫോമിന്റെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും ഏകോപിപ്പിക്കുന്നതിന് എംപി 3 ഇന്റർനാഷനൽ, ബൈനുന മിലിട്ടറി ആൻഡ് ഹണ്ടിങ് എക്യുപ്മെന്റ് ട്രേഡിങ് എന്നീ കമ്പനികളുമായി കരാർ ഒപ്പിട്ടു. ക്രയവിക്രയത്തിന് എത്തുന്നവർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ആയുധങ്ങൾ പോർട്ടലിൽ പ്രദർശിപ്പിക്കുന്നതിന് ഉടമകൾ മാസത്തിൽ 25 ദിർഹം ഫീസ് നൽകണം. സുരക്ഷാ അധികാരികളുടെ മേൽനോട്ടത്തിലായിരിക്കും നടപടിക്രമങ്ങൾ.
Digital service for arms transactions; UAE takes important decision