റിയാദ്: (gcc.truevisionnews.com)ബത്ഹയിൽ മലയാളി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിൻഭാഗം കൊണ്ട് തലക്കടിച്ച് കൊള്ളയടിക്കുകയും ചെയ്തു. ബാങ്ക് കാർഡ്, ഇഖാമയും പണവുമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചു. റിയാദിൽ നാഷനൽ കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രാജേഷ് പുഴക്കരയാണ് വെള്ളിയാഴ്ച ഉച്ചക്ക് ബത്ഹയിൽ വെച്ച് ആക്രമിക്കപ്പെട്ടത്.
വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടയിൽ ആഫ്രിക്കൻ വംശജരെന്ന് തോന്നിക്കുന്ന രണ്ടുപേർ മൂർച്ചയുള്ള നീണ്ട കത്തി കഴുത്തിൽ വെച്ച് കൊല്ലും എന്ന് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന ഇഖാമയും ബാങ്ക് കാർഡുമടങ്ങുന്ന പഴ്സ് ബലമായി തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. വാരാന്ത്യ ഷോപ്പിങ് നടത്തുന്നതിന് വേണ്ടി തൊഴിലാളികളെയും കൊണ്ട് ബത്ഹയിൽ എത്തിയതായിരുന്നു രാജേഷ്.
പഴ്സിൽ ഉണ്ടായിരുന്ന മറ്റു പേപ്പറുകളും 350 റിയാലും ആക്രമികൾ കൊണ്ടുപോയി. ആക്രമണം തടുക്കാൻ ശ്രമിച്ചപ്പോൾ ആക്രമികൾ കത്തിയുടെ പിൻഭാഗം വെച്ച് രാജേഷിന്റെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ബോധരഹിതനായി വീഴുന്നതിനിടയിൽ അലറി വിളിച്ചപ്പോൾ ആളുകൾ ഓടി വരുന്നത് കണ്ട് ആക്രമികൾ ഓടിരക്ഷപ്പെടുകയാണ് ഉണ്ടായത്. പിടിവലിക്കിടയിൽ രാജേഷിന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഫോൺ വാഹനത്തിന്റെ അടിയിലേക്ക് തെറിച്ചുവീണതിനാൽ അത് നഷ്ടപ്പെട്ടില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
Malayali driver was threatened with a knife in Batha wallet containing money was snatched


































