ഖത്തർ : (gcc.truevisionnews.com ) ഖത്തറിൽ സൈക്കിൾ യാത്രകളിൽ അപകടം ഒഴിവാക്കുവാനും റോഡുകളിലെ സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിനായി സുരക്ഷാ കാമ്പയിനും ആരംഭിച്ചു. സൈക്കിള്‍ യാത്രികർ രാജ്യത്തെ ഗതാഗതനിയമങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
പൊതുസുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷിതമായ സൈക്കിൾ യാത്രയ്ക്കായി മറ്റുചില നിർദ്ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. സൈക്കിൾ യാത്രക്കാർ നിശ്ചിത സൈക്കിൾ പാതകൾ ഉപയോഗിക്കണം, റോഡിന്റെ വലതുവശം ചേർന്ന് മാത്രമാണ് സൈക്കിൾ യാത്രികർ സഞ്ചരിക്കേണ്ടത്.
ഇതിനുപുറമെ, സുരക്ഷ ഉറപ്പാക്കാൻ ഹെൽമറ്റും റിഫ്ലക്ടിവ് വെസ്റ്റും സൈക്കിൾ യാത്രികർ ധരിക്കേണ്ടതുണ്ട്. അപകടസമയത്ത് തലയ്ക്കേൽക്കുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കാനും രാത്രിയും പകലും സൈക്കിൾ യാത്രികരെ വ്യക്തമായി തിരിച്ചറിയാനും സുരക്ഷാ ഉപകരണങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രകാശം കുറവുള്ള സമയങ്ങളിൽ സൈക്കിളിന്റെ മുന്നിലും പിന്നിലും ലൈറ്റുകൾ ഘടിപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Qatar launches campaign to provide safety guidelines for cyclists