കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്കൂളിലെ പ്രവാസി അധ്യാപികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കുറ്റത്തിന് സ്കൂൾ ഗാർഡിന് വധശിക്ഷ വിധിച്ചു. ഈജിപ്ഷ്യൻ വനിതാ അധ്യാപികയെ ആണ് തട്ടിക്കൊണ്ടുപോയി ഒരു സ്കൂളിലെ ആർട്ട് റൂമിനുള്ളിൽ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചത്. ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഈജിപ്ഷ്യൻ വംശജനായ സ്കൂൾ ഗാർഡിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാൾ അധ്യാപികയെ ബലമായി തടഞ്ഞുനിർത്തി സ്കൂൾ പരിസരത്തുള്ള ആർട്ട് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലവിളിക്കുന്നത് തടയാൻ അവരുടെ വായ ടേപ്പ് കൊണ്ട് മൂടുകയും കത്തികാണിച്ച് ഭീഷിണിപ്പെടുത്തുകയുമായിരുന്നു.
ശക്തമായ തെളിവുകളുടെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും മുൻപ് ഇയാളെ തൂക്കിലേറ്റാൻ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ കാസേഷൻ കോടതി ശരിവെച്ചിരിക്കുന്നത്. കുറ്റകൃത്യത്തെ വിശ്വാസത്തിന്റെയും മനുഷ്യാന്തസ്സിന്റെയും നഗ്നമായ ലംഘനമാണെന്ന് കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു. അതുകൊണ്ടുതന്നെ പ്രതി ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് അർഹനാണെന്നും കോടതി പറഞ്ഞു.
school guard sentenced death kuwait for torturing expatriate teacher