മസ്കത്ത്: (gcc.truevisionnews.com) അറബ് ലോകത്ത് ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ തലയെടുപ്പോടെ സുൽത്തനേറ്റ്സ്. 2025ലെ ആഗോള പരിസ്ഥിതി മലിനീകരണ സൂചികയിൽ ഒമാൻ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 22ാം സ്ഥാനത്തുമാണ് ഇടം പിടിച്ചിരിക്കുന്നത്.
ഈ ഉയർന്ന റാങ്കിങ്, പരിസ്ഥിതി സൂചകങ്ങളിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും ഹരിത നയങ്ങൾ സ്വീകരിക്കുന്നതിനുള്ള ഒരു മാതൃകയാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര സഹകരണത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുകയും സുസ്ഥിര നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്യും, പ്രത്യേകിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾക്കായി പരിസ്ഥിതി സുരക്ഷിതമായ രാജ്യങ്ങൾ തേടുന്ന ആഗോള കമ്പനികളിൽനിന്ന്.
സാമ്പത്തികമായി, റാങ്കിങ് സുസ്ഥിരതക്ക് മുൻഗണന നൽകുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെയും കമ്പനികളെയും ആകർഷിക്കുന്നതിനും അതുവഴി ഹരിത സമ്പദ്വ്യവസ്ഥ വർധിപ്പിക്കുന്നതിനും സുൽത്താനേറ്റിലെ സുസ്ഥിര വികസനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
പ്രാദേശിക തലങ്ങളിൽ സുസ്ഥിരത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും സ്വീകരിച്ച ഫലപ്രദമായ നടപടികളുടെയും നിയമനിർമാണങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് പരിസ്ഥിതി അതോറിറ്റി (ഇ.എ) വക്താവ് മർവ ബിൻത് ഹമദ് അൽ മഹ്റൂഖിയ്യ പറഞ്ഞു.
ദേശീയ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് തുടർച്ചയായ പാരിസ്ഥിതിക നിരീക്ഷണം ഒരു അടിസ്ഥാന ഘടകമാണെന്ന് അൽ മഹ്റൂഖി ഊന്നിപ്പറഞ്ഞു. വ്യാവസായിക, നിർമാണ, വാണിജ്യ മേഖലകളിൽ പരിസ്ഥിതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിസ്ഥിതി അതോറിറ്റി ഇടക്കിടെ പരിശോധനകൾ നടത്തുന്നു.
പരിസ്ഥിതി അതോറിറ്റി അതിന്റെ നിരീക്ഷണ ശ്രമങ്ങളിൽ സ്മാർട്ട് സെൻസറുകൾ, ഡ്രോണുകൾ എന്നിവപോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നുണ്ട്. ഇവ ഉദ്വമനം അളക്കുന്നതിനും വായു ഗുണനിലവാര ഡേറ്റ വിശകലനം ചെയ്യുന്നതിനും സഹായിക്കുന്നു.
പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തുടർച്ചയായ നിരീക്ഷണത്തിന് പുറമേ പിഴ ചുമത്തുകയോ മലിനീകരണ പ്രവർത്തനങ്ങൾ നിർത്തുകയോ ചെയ്യുന്നതാണ് ഇ.എ സ്വീകരിക്കുന്ന നടപടിക്രമങ്ങളിൽ മറ്റൊന്നെന്ന് അവർ പറഞ്ഞു.
country with the least pollution Oman number one Arab world