ദുബൈ: (gcc.truevisionnews.com) നഴ്സുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.15 വർഷത്തിൽ കൂടുതൽകാലം ദുബൈയിൽ സേവനം ചെയ്തവർക്കാണ് 10 വർഷത്തെ വിസക്ക് അവസരം ലഭിക്കുക.
സമൂഹത്തിന് നൽകുന്ന സേവനത്തിന്റെ മൂല്യവും ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നഴ്സുമാരുടെ സുപ്രധാന പങ്കും പരിഗണിച്ചാണ് തീരുമാനം എടുത്തിട്ടുള്ളത്.
ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നഴ്സിങ് ജീവനക്കാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും ആരോഗ്യകരമായ ഒരു സമൂഹത്തെയും മെച്ചപ്പെട്ട ജീവിത നിലവാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ അത്യാവശ്യ പങ്കാളികളാണാവരെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമർപ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും പ്രശംസിക്കുന്നു. ദുബൈ അവരുടെ മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപകദിനത്തിന്റെ ഭാഗമായി ശൈഖ് ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നേരത്തെ സംരംഭകർ, കേഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക് ഗോൾഡൻ വിസ നൽകിയിരുന്നു. നഴ്സുമാർക്ക് ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ഉപകാരപ്രദമാണ്.
Golden visa for nurses Dubai Sheikh Hamdan announces