ദുബൈ: (gcc.truevisionnews.com) വ്രതശുദ്ധിയുടെ ദിനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് ശവ്വാൽ മാസപ്പിറവി തെളിഞ്ഞു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്‌ച വൈകിട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സൗദിയിലാണ് പെരുന്നാൾ ആദ്യം പ്രഖ്യാപിച്ചത്.
തുടർന്ന് യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, എന്നീ രാജ്യങ്ങൾ 29 നോമ്പ് പൂർത്തിയാക്കിയാണ് പെരുന്നാളിനെ വരവേൽക്കുന്നത്.
ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് റമസാൻ 30 പൂർത്തിയാക്കി നാളെ പെരുന്നാൾ ആഘോഷിക്കും. നാടും നഗരവും അലങ്കരിച്ച് കൊണ്ട് പെരുന്നാളിനെ വരവേല്‍ക്കുകയാണ്.
കുവൈത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിറക് വശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അബ്ദുൽ നാസർ മുട്ടിലും സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽവുഹൈബിന് മുൻവശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് അൽ അമീൻ സുല്ലമിയും നേതൃത്വം നൽകി.
മങ്കഫിലെ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് ഫാത്വിമ അൽ അജ്മിയിൽ മുർഷിദ് അരീക്കാടും മെഹബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ ശാനിബ് പേരാമ്പ്രയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. നമസ്കാര സമയം 5.56 നാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
രാവിലെ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് സൗദിയിൽ ഈദുൽ ഫിത്ർ നമസ്കാരം. ഈദുൽ ഫിത്ർ നമസ്‌കാരത്തിനായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയതായി മതകാര്യ വകുപ്പ് അറിയിച്ചിരുന്നു.
വിവിധ പ്രദേശങ്ങളിലായി 15,948 പള്ളികളും 3,939 ഈദ് ഗാഹുകളും ഒരുക്കിയിരുന്നു. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും ഈദ് നമസ്‌കാരം. 5.43 നാണ് ഖത്തറിൽ പെരുന്നാൾ നമസ്കാരം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ഓളം കേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പെരുന്നാൾ നമസ്കാരത്തിന് മതകാര്യ മന്ത്രാലയം സൗകര്യം ഒരുക്കി. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ മലയാളി ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. നമസ്കാരത്തിനു ശേഷം ചില സ്ഥലങ്ങളിൽ ഈദ് പീരങ്കികൾ മുഴങ്ങും.
ദുബൈയിൽ സഅബീൽ ഗ്രാൻഡ് മോസ്ക്, നാദൽ ശിബ ഈദ് ഗാഹ്, നാദൽ ഹമർ ഈദ് ഗാഹ്, അൽബർഷ, ഉമ്മു സുഖൈം, ഹത്ത എന്നിവിടങ്ങളിൽ പീരങ്കി മുഴക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
#Prayers #celebrations #across #country #Various #Gulfcountries #full #swing#small #Eid #celebrations