ജിദ്ദ: ഉപയോക്താക്കളുടെ പാഴ്‌സലുകളും കൊറിയറുകളും കൃത്യമായ മേൽവിലാസങ്ങളിൽ ഡെലിവറി ചെയ്യാത്ത കമ്പനികള്‍ക്ക് തപാല്‍ നിയമം അനുസരിച്ച് 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.
പാഴ്സല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി. പാഴ്‌സലുകള്‍ ഡെലിവറി ചെയ്യാതിരിക്കുകയോ എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ ചെയ്താല്‍ ഡെലിവറി കമ്പനികള്‍ക്കെതിരെ പരാതികള്‍ നല്‍കാൻ നിലവിൽ സംവിധാനമുണ്ട്.
ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നുള്ള ഓർഡറുകൾ അനുസരിച്ചുള്ള ഡെലിവറികൾ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കാന്‍ ഗുണഭോക്താക്കളെ നിര്‍ബന്ധിക്കാനും പാടില്ല.
വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 5,000 റിയാലില്‍ കുറയാത്ത തുക പിഴ ചുമത്തും. പാഴ്‌സല്‍ എത്താന്‍ വൈകുകയോ ഡെലിവറി ചെയ്യാത്തതോ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കില്‍ ഗുണഭോക്താവിന് നേരിട്ട് പാഴ്സല്‍ ഡെലിവറി കമ്പനിക്ക് പരാതി നല്‍കാം.
കമ്പനി പ്രതികരിക്കുന്നില്ലെങ്കിലോ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതി തൃപ്തികരമായി പരിഹരിക്കപ്പെട്ടില്ലെങ്കിലോ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിക്ക് പരാതി നല്‍കാം. ഇത്തരം പരാതികളില്‍ ചട്ടങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ അതോറിറ്റി സ്വീകരിക്കും.
#SaudiArabia #warns #companies #fines #couriers #not #deliver #correct #address