ദോഹ : (gccnews.in ) കാർഷിക, പരിസ്ഥിതി പ്രദർശനമായ ദോഹ എക്സ്പോയിൽ മധുരമൂറുന്ന ഈത്തപ്പഴങ്ങളുമെത്തുന്നു. ഖത്തറിലെ പ്രാദേശിക ഫാമുകളിൽനിന്നും വിളവെടുത്ത ഈത്തപ്പഴങ്ങളുമായി 31ഓളം പ്രദർശകർ വ്യാഴാഴ്ച ആരംഭിച്ച ദോഹ എക്സ്പോയിലെ ഈത്തപ്പഴ മേളയിൽ പങ്കെടുക്കും.
ഇന്റർനാഷനൽ സോണിലാണ് വൈവിധ്യമാർന്ന ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്നത്. എട്ടു ദിവസം ഈത്തപ്പഴ മേള തുടരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക ഗൈഡൻസ് ആൻഡ് സർവിസ് സെക്ഷൻ മേധാവി അഹമ്മദ് സാലിം അൽ യാഫി പറഞ്ഞു.
ദോഹ എക്സ്പോ സംഘാടക സമിതിയും മുനിസിപ്പാലിറ്റി കാർഷിക വിഭാഗവും ചേർന്നാണ് എക്സ്പോയിലെ ഈത്തപ്പഴ മേള സംഘടിപ്പിക്കുന്നത്. ദിനേനെ പതിനായിരങ്ങൾ സന്ദർശകരായി എത്തുന്ന എക്സ്പോയിൽ സ്വദേശികളും വിദേശികളും താമസക്കാരുമുൾപ്പെടെയുള്ളവർക്ക് മുന്തിയ ഇനം പ്രാദേശിക ഈത്തപ്പഴങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കുന്നത്.
മേള നവംബർ 30 വരെ തുടരുമെന്ന് അൽ യാഫി അൽ റയാൻ ടി.വിക്കു നൽകിയ അഭിമുഖത്തിൽ അറിയിച്ചു. 29 പ്രാദേശിക ഫാമുകളും, ഈത്തപ്പഴ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് ഖത്തരി കമ്പനികളും പ്രദർശനത്തിൽ ഭാഗമാവുമെന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് മേള. എല്ലാ ദേശീയ ഉൽപന്നങ്ങളുടെ പ്രാദേശിക ഉല്പാദനത്തെ പിന്തുണക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മേള നടത്തുന്നത്.
എട്ടു ദിവസത്തെ പരിപാടിയിൽ ഇഖ്ലാസ്, ഷിഷി, ബർഹി തുടങ്ങിയ പ്രാദേശിക ഫാമുകളിൽനിന്നുള്ള വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ ഉണ്ടാകും. ഈന്തപ്പന കൃഷിയുടെ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് കൃഷികാര്യ വകുപ്പ് നടത്തുന്ന സെമിനാറുകളും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. ഫാമുകളിൽനിന്നുള്ള മുന്തിയ ഇനം ഈന്തപ്പന തൈകളും ലഭ്യമാകും.
#Dohaexpo #Doha #Expo #brings #sweet #dates #exhibition
























.png)

.png)

.png)





