#Saudi News #Malayali Expats #Al Khobar #Heart Attack
അൽഖോബാർ : (https://gcc.truevisionnews.com/) സൗദി അറേബ്യയിൽ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് പുതിയേടത്ത് വീട്ടിൽ അരുൺ വിജയൻ (42) ആണ് അൽഖോബാറിൽ വെച്ച് മരിച്ചത് .
ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയ ഉടൻ അരുണിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, വഴിമധ്യേ വാഹനത്തിനുള്ളിൽ വെച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ 14 വർഷമായി സൗദിയിൽ പ്രവാസിയായ അരുൺ, അൽഖോബാറിലെ റസായത്ത് കമ്പനിയിൽ ക്വാളിറ്റി & ഹൈജീൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വിജയൻ നായർ-റീന വാവുകാട്ടിൽ ദമ്പതികളുടെ മകനാണ്. അൽഖോബാർ റഫ ആശുപത്രിയിലെ ജീവനക്കാരിയായ ശ്രുതി ബേബിയാണ് ഭാര്യ. മകൻ: അദ്നാൻ.

Content Highlight: Kerala Expats Arun Vijayan Dies Of Heart Attack In Saudi Arabia



































