#Latest News #SaudiArabia #Saudi Visa #Saudi Travel Packages #Saudi Tourism
(gcc.truevisionnews.com)വിദേശികളായ സഞ്ചാരികൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പാക്കേജ് വിസ പദ്ധതി ആദ്യ ഘട്ടത്തിൽ ലഭ്യമാകുക ഏഴ് രാജ്യങ്ങളിൽ.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇനി സൗദി അറേബ്യയിലേക്കെത്തുമ്പോൾ വിമാന ടിക്കറ്റും ഹോട്ടൽ താമസവും ഉൾപ്പെടുന്ന യാത്രാ പാക്കേജ് ഒരുമിച്ച് ബുക്ക് ചെയ്യാം. ഇതിനൊപ്പം തന്നെ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ലഭിക്കും.
ആദ്യ ഘട്ടത്തിൽ ഇന്ത്യക്ക് പുറമെ ഈജിപ്ത്, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വരും ഘട്ടങ്ങളിൽ കൂടുതൽ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ പുതിയ സംവിധാനം വഴി വിസയ്ക്കായി പ്രത്യേകം അപേക്ഷ സമർപ്പിക്കുകയോ സൗദി എംബസി സന്ദർശിക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രക്കാർക്ക് അവരുടെ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റും മന്ത്രാലയം അംഗീകരിച്ച ഹോട്ടൽ താമസവും വിസയും ഒരൊറ്റ ബുക്കിങ്ങിലൂടെ പൂർത്തിയാക്കാം.
നിലവിൽ 'റിസെർവൽ', 'അൽമൊസാഫർ' എന്നീ രണ്ട് ട്രാവൽ ഏജൻസികൾക്കാണ് ഈ പാക്കേജ് നൽകാൻ അനുമതിയുള്ളത്. പാക്കേജ് വാങ്ങി 48 മണിക്കൂറിനുള്ളിൽ ഇ-വിസ അനുവദിക്കും. വിസ, ഇൻഷുറൻസ് തുടങ്ങിയ യാത്രാ രേഖകൾ ബുക്കിങ് പൂർത്തിയാകുന്നതോടെ ഇമെയിൽ വഴി ലഭിക്കുന്നതാണ്.
ഈ വിസയ്ക്ക് മൂന്ന് മാസത്തെ കാലാവധിയുണ്ടാകും. സിംഗിൾ എൻട്രി മാത്രമായിരിക്കും ഇതിൽ അനുവദിക്കുക. വിസ ഉപയോഗിച്ച് കുറഞ്ഞത് രണ്ട് ദിവസം മുതൽ പരമാവധി 88 ദിവസം വരെ രാജ്യത്ത് തങ്ങാൻ സാധിക്കും. വിസ അനുവദിക്കുന്നതിനും ട്രാവൽ ഇൻഷുറൻസിനുമായി ആകെ 402.21 സൗദി റിയാലാണ് ഫീസ് ഈടാക്കുക.
ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ ലൈസൻസുള്ള, കുറഞ്ഞത് ഫോർ സ്റ്റാർ പദവിയുള്ള ഹോട്ടലുകളിൽ താമസ സൗകര്യം ബുക്ക് ചെയ്യണമെന്നത് ഈ പാക്കേജിന്റെ പ്രധാന നിബന്ധനയാണ്.
പാക്കേജ് നിരക്ക് ഒരാൾക്ക് ആദ്യത്തെ രണ്ട് ദിവസത്തേക്ക് കുറഞ്ഞത് 4,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. അതിനുശേഷമുള്ള ഓരോ ദിവസത്തിനും 1,000 റിയാൽ വീതം അധികമായി നൽകണം. ഈ വിസ പാക്കേജുകളിൽ മക്ക, മദീന എന്നിവിടങ്ങളിലെ ഉംറ സംബന്ധമായ പ്രത്യേക ക്രമീകരണങ്ങളോ സേവനങ്ങളോ നേരിട്ട് ഉൾപ്പെടുത്തിയിട്ടില്ല.
എങ്കിലും ഈ വിസ കൈവശമുള്ളവർക്ക് സൗദിയിൽ എത്തിയ ശേഷം മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെ ഏത് നഗരങ്ങളിലേക്കും സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
Content Highlight: Saudi package visa, Saudi Ministry of Tourism, Saudi tourist visa, Saudi visa for Indians
#Latest News #SaudiArabia #Saudi Visa #Saudi Travel Packages #Saudi Tourism




































