#Latest News #Gulf News #Sharjah Murder Case
ഷാർജ: ( https://gcc.truevisionnews.com/ ) ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് പ്രവാസലോകം.
കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം അഞ്ച് പേർക്കെതിരെയാണ് ഷാർജ പൊലീസ് അന്വേഷണം തുടങ്ങിയത്. കൊല്ലം, കണ്ണൂർ സ്വദേശികളടക്കം അഞ്ച് മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും ഉണ്ടായതിന് പിന്നാലെയാണ് കൊലപാതകം. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന.
തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. അടിയിലേക്കും മർദനത്തിലേക്കും ഇത് എത്തിയെന്ന് സംഭവത്തെ കുറിച്ചറിയുന്നവർ പറയുന്നു.

ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന തർക്കത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു നാൽപതു വയസ്സുള്ള ഇസ്മായിൽ പൊന്നൻ. ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരനും ദുബായിലുണ്ട്.
ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും. ദുബായ് കരാമയിലെ തമിഴ് നാട് സ്വദേശിയുടെ ബേയ്ക്കറി-കുൽഫി കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായിൽ.
Content Highlight: The expatriate community is shocked by the death of a Malayali youth in Sharjah following an argument on TikTok.




































