#Latest News #Malayali Death #Muscut
മത്ര (മസ്കത്ത്): (gcc.truevisionnews.com)മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഒമാനിലെ മസ്കത്തിലെത്തിയ മുൻ കാല പ്രവാസി കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹ്മൂദ് എം.പിക്ക് (62) അപ്രതീക്ഷിത വിയോഗം. വെള്ളിയാഴ്ച മകന്റെ വിവാഹ ചടങ്ങുകൾ മസ്കത്തിലെ അൽഖുവൈറിൽ നിശ്ചയിച്ചിരിക്കെയാണ് പിതാവിന്റെ മരണം. ഇത് കുടുംബത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ഖുറമിലെ പെർഫ്യൂം ഷോപ്പിൽ മാനേജരായ മകൻ മാസിൻ മഹ്മൂദിന്റെ വിവാഹ ചടങ്ങിനായാണ് ബാപ്പ മഹ്മൂദും ഉമ്മ റഹ്മത്തും സഹോരിമാരായ മെഹ്റ, മാജിദ എന്നിവരും ഏതാനും ദിവസംമുമ്പ് നാട്ടിലെത്തിയത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മഹ്മൂദ് നാട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു.
മസ്കത്തിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ അസുഖം കലശലായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കഴിഞ്ഞദിവസം പെട്ടൊന്ന് നിക്കാഹ് നടത്തുകയായിരുന്നു. ആശുപത്രിയിൽ പിതാവിന്റെ സാന്നിധ്യത്തിൽ തന്നെ മകൻ മാസിൻ വിവാഹ മഹർ വധുവിന് കൈമാറി. മലയാളി വേരുകളുള്ള മുംബൈ സ്വദേശിനിയും മസ്കത്തിൽ പ്രവാസിയുമായ സബ മുനീർ മൂസയാണ് വധു.
മസ്കത്തിലെ മത്രയിൽ 40 വർഷത്തോളം വ്യാപാരിയായിരുന്ന മഹ്മൂദ് 2022 മേയില്‍ പ്രവാസം നിര്‍ത്തി മടങ്ങിയതാണ്.
Content Highlights:- Former Expatriate Dies In Oman During His Vist For Sons Marriage




































