#Latest News #Hormuz #Iran #UAE
ദുബായ്: ( gcc.truevisionnews.com ) പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള 'നിയന്ത്രിത സമുദ്രമേഖല' പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും 'പകൽക്കിനാവ്' മാത്രമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു.
ഒരു വശത്ത് ആക്രമണോത്സുകമായ പ്രസംഗങ്ങളും മറുഭാഗത്ത് സൗഹൃദത്തിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളും നടത്തുന്നതിനാൽ ഇറാന് വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനോ യുഎഇയുടെ സമുദ്ര പരമാധികാരത്തിന്മേൽ കടന്നുകയറാനോ ഉള്ള ഇറാന്റെ ശ്രമങ്ങൾ നടപ്പില്ല.
അറബ് അയൽരാജ്യങ്ങളുമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ മുദ്രാവാക്യങ്ങളിലൂടെയല്ല, മറിച്ച് പരമാധികാരത്തെ ബഹുമാനിച്ചും നല്ല അയൽപക്ക ബന്ധം പുലർത്തിയുമാണ് മുറിവേറ്റ വിശ്വാസം വീണ്ടെടുക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ ഭീഷണിപ്പെടുത്തി.
അമേരിക്കൻ ഭീഷണിയെ ഭയക്കുന്നില്ലെന്നും വീണ്ടും യുദ്ധം തുടങ്ങിയാൽ അമേരിക്കയ്ക്ക് വലിയ സർപ്രൈസ് ഉണ്ടാകുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു. തങ്ങളുടെ ഭാഗത്തുനിന്നുള്ള തിരിച്ചടി വളരെ ശക്തമായിരിക്കുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
Iran tries to seize control of Strait of Hormuz
#Latest News #Hormuz #Iran #UAE



































