May 18, 2026 03:26 PM

ദുബായ്: ഗൾഫ് ലോകം ബലിപെരുന്നാളിന്റെ (ഈദുൽ അദ്ഹ) പുണ്യത്തിലേക്ക് കടക്കവേ യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയാണ് ലഭിക്കുകയെന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.​

ഈ മാസം 26 (അറഫാ ദിനം) മുതൽ 29 വരെയാണ് മന്ത്രാലയം പ്രഖ്യാപിച്ച ഔദ്യോഗിക അവധി. ഇതോടെ നാല് ദിവസം തുടർച്ചയായി സ്വകാര്യ മേഖലയ്ക്ക് വിശ്രമം ലഭിക്കും.

എന്നാൽ ഷാർജ സർക്കാർ ജീവനക്കാർക്ക് ഇത്തവണ ലോട്ടറിയാണ്. വാരാന്ത്യ അവധികൾ കൂടി ചേർത്ത് തുടർച്ചയായ 10 ദിവസത്തെ ദീർഘ അവധിയാണ് ഷാർജയിൽ ലഭിക്കുക. ഷാർജയിലെ നാല് പ്രവൃത്തി ദിനങ്ങളുള്ള തൊഴിൽ രീതിയാണ് ഈ നീണ്ട അവധിക്ക് വഴിയൊരുക്കിയത്.

ഇന്നലെ (മേയ് 17) ചന്ദ്രപ്പിറവി ദൃശ്യമായതോടെ ഇന്ന് ദുൽഹജ് ഒന്ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 26ന് നടക്കും. തുടർന്ന് 27 നാകും യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുക.

ആഗോള മുസ്​ലിംകൾ മക്കയിലേക്ക് ഹജ് കർമ്മത്തിനായി ഒഴുകിയെത്തുന്ന ഈ വേളയിൽ, യുഎഇയിലെങ്ങും പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

വരും ദിവസങ്ങളിൽ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുക. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാൻ ലഭിക്കുന്ന ഈ സുദീർഘമായ അവധി ദിനങ്ങൾ പ്രവാസി മലയാളി സമൂഹത്തിനും വലിയ ആഘോഷത്തിന് അവസരമൊരുക്കും.

പക്ഷേ, ഉയർന്ന വിമാന നിരക്ക് കാരണം പെരുന്നാളാഘോഷിക്കാനുള്ള നാട്ടിലേയ്ക്കുള്ള യാത്ര മിക്കവരും വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഇതോടെ ഒമാനിലോ മറ്റോ സന്ദർശനം നടത്താനുള്ള ഒരുക്കത്തിലാണ് കുടുംബങ്ങളും ബാച്ച്‌ലർമാരും.

Eid al-Adha: Public and private sector holidays declared in the UAE

Next TV

Top Stories










News Roundup






Entertainment News